ജോസ് കെ. മാണിയെ പരോക്ഷമായി വിമർശിച്ച് പാലാ നഗരസഭയിൽ പ്രമേയം പാസാക്കി…

കോട്ടയം : കേരള നിയമസഭയിൽ രാജ്യസഭയ്ക്ക് സമാനമായ രീതിയിൽ ‘അപ്പർ ഹൗസ്’ അഥവാ നിയമനിർമ്മാണ കൗൺസിൽ രൂപീകരിക്കണമെന്ന ആവശ്യവുമായി പാലാ നഗരസഭ. 14-ാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കകണ്ടം അവതരിപ്പിച്ച ഈ അസാധാരണ പ്രമേയം നഗരസഭ പാസാക്കി. രാഷ്ട്രീയരംഗത്തെ പ്രമുഖർക്കും വിവിധ മേഖലകളിലെ വിദഗ്ധർക്കും നേരിട്ടുള്ള തിരഞ്ഞെടുപ്പ് വിജയം പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ, അവരെ നിയമനിർമ്മാണത്തിൽ പങ്കാളികളാക്കാൻ ഇത്തരമൊരു സഭ അനിവാര്യമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു.

കേന്ദ്രത്തിൽ രാജ്യസഭ നിലനിൽക്കുന്നതുപോലെ കേരളത്തിലും ഉപരിസഭ വേണം. വലിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈ സംവിധാനം കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾക്കും ലഭ്യമാക്കുന്നത് ഫെഡറൽ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും. ജനപ്രീതിയോ ജനങ്ങളുമായി നേരിട്ടുള്ള ബന്ധമോ ഇല്ലാത്ത, എന്നാൽ രാഷ്ട്രീയ പാരമ്പര്യത്തിന്‍റെയോ പിതൃത്വത്തിന്‍റെയോ പേരിൽ മാത്രം രംഗത്തുള്ള ചില ‘അഭിനവ നേതാക്കൾക്ക്’ സഭയിലെത്താനുള്ള ഏക വഴി ഇതാണെന്ന് പ്രമേയത്തിൽ പരിഹാസരൂപേണ പരാമർശിക്കുന്നുണ്ട്.

പാലായിൽ വീണ്ടും തോൽവിയറിഞ്ഞ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജോസ് കെ മാണിയെ പരിഹസിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രമേയമെന്ന് വ്യക്തം. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രമേയത്തിന് പിന്തുണ തേടിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കാവുന്ന ഒന്നാണ് പാലാ നഗരസഭയിൽ ഉയർന്ന ഈ ആവശ്യം. പ്രമേയം നഗരസഭയിൽ പാസായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!