ഇന്ന് ലോക ആസ്തമദിനം !
ആസ്തമ –  ശരീരം കാണിക്കുന്ന ലക്ഷണങ്ങളിൽ ശ്രദ്ധവേണം:  ഡോ. രാജ്കൃഷ്ണൻ. എസ് 

പ്രായഭേദമന്യേ പലരിലും കണ്ടുവരുന്ന രോഗമാണ് ആസ്തമ. ശ്വാസനാളത്തെ ബാധിക്കുന്ന അലർജിയാണ് ആസ്തമയുടെ കാരണം.

ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിട ചുമ, വലിവ്, നടക്കുമ്പോൾ കിതപ്പ്, നെഞ്ചിൽ ഭാരം തോന്നുക, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക തുടങ്ങിയവ രോഗത്തിന്റെ ലക്ഷണങ്ങളാകാം. അലർജി, ചിലരിൽ പാരമ്പര്യം ജനിതകഘടകങ്ങൾ എന്നിവ ആസ്തമയുടെ കാരണങ്ങളാകാമെന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാഗം  കൺസൾട്ടന്റ് ഡോ. രാജ്കൃഷ്ണൻ. എസ് അഭിപ്രായപ്പെട്ടു.

രാത്രിസമയത്താണ് ആസ്തമയുടെ ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെടുക. ചിട്ടയായ ജീവിതശൈലിയും, കൃത്യമായ ചികിത്സയും പാലിച്ചാൽ ആസ്തമയെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ആസ്തമ സംശയിക്കുന്നവർ പ്രാരംഭ ഘട്ടത്തിൽ തന്നെ ചികിത്സ തേടണം. പൾമണറി ഫംഗ്ഷൻ ടെസ്റ്റ് ( പി.എഫ്.റ്റി), പി.ഇ.എഫ്.ആർ മോണിട്ടറിംഗ്, അലർജി കണ്ടെത്താനുള്ള രക്തപരിശോധന, നെഞ്ചിന്റെ എക്സറേ തുടങ്ങിയ പരിശോധനകൾ വഴിയാണ് ആസ്തമ രോഗം സ്ഥിരീകരിക്കുക. ഇൻഹെയിലറുകൾ ഉപയോഗിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ആസ്തമയുടെ ചികിത്സ.

ആസ്തമയുളളവർ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആസ്തമയ്ക്ക് കാരണമാകുന്ന അലർജിയുണ്ടാക്കുന്ന വസ്തുക്കളിൽ നിന്നു അകലം പാലിക്കണം. പൊടി, പൂപ്പൽ, രൂക്ഷഗന്ധങ്ങൾ തുടങ്ങിയവ അലർജി ഉണ്ടാക്കാനുള്ള കാരണങ്ങളാകാം. അലർജി ഉണ്ടാകുന്ന വസ്തുക്കളെ കണ്ടെത്തി അവയിൽ നിന്നു അകലം പാലിക്കാൻ ശ്രദ്ധപുലർത്തണം.

അമിതവണ്ണം ആസ്തമയിലേക്ക് നയിക്കാറുണ്ട്. രോഗമുള്ളവർ പുകവലി ഉപേക്ഷിക്കുകയും പുകവലിക്കുന്നവരിൽ നിന്നു അകലം പാലിക്കുകയും ചെയ്യണം. ആസ്തമരോഗികളുടെ കിടപ്പുമുറികൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മെത്തയും തലയിണയും ഉൾപ്പെടെ വെയിലത്ത് ഉണക്കിയും തുണിയുടെ കവറുകൾ ചൂടുവെള്ളത്തിൽ കഴുകി  ഉപയോഗിക്കുന്നതും  നല്ലതാണ്.

കിടപ്പുമുറികളിലെ ഫാനിലെ പൊടി കൃത്യമായ ഇടവേളകളിൽ തുടച്ചു വൃത്തിയാക്ക് ഉപയോഗിക്കണം. വിറ്റാമിനുകളും പോഷകങ്ങളും ആന്റി ഓക്സിഡന്റും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും ഇവ ഗുണം ചെയ്യും.

ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നത് ശ്വസന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. മാനസിക സമ്മർദ്ദം കുറയ്ക്കുക. ഇത് ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനു കാരണമാകും. ആസ്തമ ദീർഘകാല ശ്വാസകോശ രോഗമായതിനാൽ കൃത്യമായ ചികിത്സകൾ തേടി രോഗം നിയന്ത്രിക്കുന്ന കാര്യത്തിലും ശ്രദ്ധപുലർത്തണം.ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്നുകൾ ഉപയോഗിക്കുകയും രോഗമുക്തിക്ക് അനുസരിച്ച് മരുന്നിൽ ഏറ്റക്കുറിച്ചിൽ വരുത്തുകയും നിർത്തുകയും ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!