അകമ്പടിയില്ല, ഔദ്യോഗിക വാഹനമില്ല…പിണറായി വിജയൻ തിരുവനന്തപുരത്തെത്തി, സ്വീകരിക്കാനെത്തിയത് എകെജി സെൻ്ററിലെ വാഹനം…

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്ത് തിരിച്ചെത്തി. പ്രത്യേക ദൂതൻ വഴി രാജിക്കത്ത് കൈമാറി കണ്ണൂരിലെ വീട്ടിൽ തുടരുകയായിരുന്ന അദ്ദേഹം, ഇന്ന് ഉച്ചയോടെയാണ് വിമാനമാർഗ്ഗം തലസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക പദവികൾ ഒഴിഞ്ഞതിനാൽ കനത്ത സുരക്ഷാ സന്നാഹങ്ങളും അകമ്പടി വാഹനങ്ങളും അദ്ദേഹം ഒഴിവാക്കി. പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയോടെയായിരുന്നു യാത്ര.

വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയത് എകെജി സെന്ററിലെ വാഹനമാണ്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉപയോഗിക്കുന്ന കാറിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. വി. ശിവൻകുട്ടി, വി. ജോയ്, എ.എ. റഹീം എന്നിവർ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ തുടരുന്ന മൗനം പിണറായി വിജയൻ വിമാനത്താവളത്തിലും തുടർന്നു. മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും ഒരു ‘ചിരി’ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരാജയത്തെ ക്കുറിച്ചോ ഭാവി നീക്കങ്ങളെക്കുറിച്ചോ അദ്ദേഹം ഒന്നും സംസാരിച്ചില്ല.

നാളെ തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയൻ പങ്കുചേരും. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ യോഗം വിശദമായി ചർച്ച ചെയ്യും. അതിന് ശേഷം അദ്ദേഹം തിരികെ കണ്ണൂരിലേക്ക് മടങ്ങും. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!