ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം; ‘ചിക്കൻ മസാല പായസത്തിൽ ഇടരുത്’; നന്ദഗോവിന്ദം ഭജൻസിന് വീട്ടമ്മയുടെ ഉപദേശവുമായി കെ.പി. ശശികല

കോട്ടയം  വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീതപരിപാടിക്കിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്ത്. ഈ പ്രവൃത്തിയെ വിമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ തൻ്റെ വിയോജിപ്പ് അറിയിച്ചത്.

ക്ഷേത്രസദസ്സിൽ മറ്റ് മതങ്ങളിലെ ഗാനങ്ങൾ ആലപിച്ചതിനെ പരോക്ഷമായി വിമർശിച്ച ശശികല, ഇരിക്കുന്ന കൊമ്പ് സ്വയം മുറിക്കുന്നതിന് തുല്യമാണ് ഈ പ്രവൃത്തിയെന്ന് അഭിപ്രായപ്പെട്ടു. ഇതിനെ ഒരു വീട്ടമ്മയുടെ ഉപദേശം എന്ന് വിശേഷിപ്പിച്ചുകൊണ്ട്, “ചിക്കൻ മസാല നല്ലതാണ്, പക്ഷേ അത് പായസത്തിൽ ചേർക്കരുത്” എന്ന ഉദാഹരണമാണ് അവർ മുന്നോട്ട് വെച്ചത്.

ഇതുവരെ അവരെ എല്ലാവരും അഭിനന്ദിച്ചിരുന്നില്ലേ? പതിനായിരങ്ങൾ മണിക്കൂറുകൾ അവരെ കാത്തിരുന്നിരുന്നത് നിന്ദിക്കാനായിരുന്നോ? ചെറിയ പ്രവാഹം അരുവിയാണ് തോടാണ് പുഴയാണ് അവയൊക്കെ ഭൂമിയുടേയും ജീവജാലങ്ങളുടേയും ദാഹം മാറ്റാനും മനസ്സും ശരീരവും കുളിപ്പിക്കാനും ഒക്കെ നല്ലതാണ്! പക്ഷേ പ്രവാഹത്തിന് ശക്തി കൂടിയാൽ അത് പലതിനേയും ഒഴുക്കി കളയും ! ചൂരൽമലയിലൊക്കെ പ്രവാഹം ശക്തി കൂടിയതിന്റെ അനുഭവം എന്താണെന്ന് നമുക്കറിയാമല്ലോ? ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. any how ആശംസകൾ. ചിക്കൻ മസാല നല്ലതാണ്. പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണ്,’ അവർ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!