ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവുമില്ല, പരിശോധനയില്‍ പോഷകാഹാരക്കുറവ്; ഉടമയ്ക്കും പാപ്പാനുമെതിരെ കേസെടുത്തു

കോഴിക്കോട് : ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്ന് ഉടമയ്ക്കും പാപ്പാനുമെതിരേ കേസെടുത്തു.കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം ഉണ്ണികുളത്ത് ‘ചെറിയപറമ്പത്ത് ഗോപാലന്‍’ എന്ന ആനയുടെ ഉടമ എകരൂല്‍ ചെറിയപറമ്പത്ത് സി.പി സത്യനാഥന്‍, പാപ്പാന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടര്‍മാരും അടങ്ങുന്ന സംഘം എകരൂലിലെ വീട്ടിലെത്തി ആനയെ പരിശോധിച്ചിരുന്നു. ആനയുടെ രക്ത സാംപിള്‍ പൂക്കോട് വെറ്ററിനറി കോളേജിലേക്ക് അയക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആനയ്ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും വ്യക്തമാവുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ 23ന് നടത്തിയ പരിശോധനയില്‍ രജിസ്റ്ററില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷണം നല്‍കുന്നില്ലെന്നും ഇത് ആനയെ കടുത്ത ക്ഷീണത്തിലേക്ക് നയിച്ചെന്നും സ്ഥിരീകരിച്ചതോടെയാണ് നടപടികളിലേക്ക് നീങ്ങിയത്. പരിശോധനയില്‍ ആനയുടെ കാലുകളില്‍ ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും കണ്ടെത്തിയിരുന്നു. രോഗാവസ്ഥയിലും ആനയെ തടി പിടിത്തത്തിന് കൊണ്ടുപോയതായും ആക്ഷേപമുണ്ട്.

നിലവില്‍ സോഷ്യല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടര്‍മാരുടെയും പരിപാലനത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും നടക്കുന്നത്. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് റേഞ്ച് ഓഫീസര്‍ കെ.എന്‍ ദിവ്യ പറഞ്ഞു.

എന്നാല്‍ ക്ഷീണത്തെ തുടര്‍ന്ന് ആന തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി സത്യനാഥന്‍ പറയുന്നു. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിനാണ് അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും സമീപ കാലത്തൊന്നും തടിയെടുപ്പിനോ മറ്റു ഭാരമുള്ള ജോലികള്‍ക്കോ ആനയെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!