ഡ്രൈ ഡേ പ്രഖ്യാപിക്കാൻ സർക്കാരിന് എന്ത് അധികാരം?… തമിഴ്‌നാട് തിരഞ്ഞെടുപ്പിലെ ‘മദ്യ നിരോധനത്തിൽ’ കേരള സർക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: തമിഴ്‌നാട് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരള-തമിഴ്‌നാട് അതിർത്തികളിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് ജസ്റ്റിസ് എസ്. മനു അധ്യക്ഷനായ അവധിക്കാല ബെഞ്ച് ചോദിച്ചു. ഉത്തരവിന്റെ നിയമസാധുത ബോധ്യപ്പെടുത്തിയാൽ മാത്രമേ അത് അംഗീകരിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി.

അബ്കാരി നിയമത്തിലോ ഫോറിൻ ലിക്വർ റൂൾസിലോ ഇത്തരമൊരു നിരോധനം ഏർപ്പെടുത്താൻ വ്യവസ്ഥയുണ്ടോ എന്ന് കോടതി ആരാഞ്ഞു, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്ന് സർക്കാർ പറയുന്നു. എന്നാൽ ഇത്തരമൊരു ആവശ്യം ഉന്നയിക്കാൻ അവർക്ക് എന്ത് നിയമപരമായ അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. നിയമപരമായ ഏതെങ്കിലും വകുപ്പ് ചൂണ്ടിക്കാണിക്കാൻ സാധിച്ചില്ലെങ്കിൽ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാരിനോ, അത് ആവശ്യപ്പെടാൻ തിരഞ്ഞെടുപ്പ് കമ്മീഷനോ അധികാരമില്ലെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

കുമളിയിൽ ഹോട്ടലും ബാറും നടത്തുന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. ഏപ്രിൽ 21 മുതൽ 23 വരെ തമിഴ്‌നാട് അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചതാണ് ചോദ്യം ചെയ്യപ്പെട്ടത്. വോട്ടെടുപ്പ് നടക്കുന്ന പരിധിയിൽ മാത്രമേ നിയന്ത്രണം ഏർപ്പെടുത്താൻ നിയമപ്രകാരം സാധിക്കൂവെന്നും അതിർത്തിക്ക് പുറത്തുള്ള സമ്പൂർണ്ണ നിരോധനം നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിച്ചു. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിനെയോ വോട്ടർമാരെയോ സ്വാധീനിക്കാൻ തന്റെ സ്ഥാപനത്തിന് കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!