ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാൽപത് മിനിറ്റ് നേരം നീണ്ട ഫോൺ സംഭാഷണത്തിൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ചർച്ചയായി. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ സംഭാഷണമാണിത്. ഇന്ത്യ – യുഎസ് ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായി.

ഇസ്ലമാബാദിൽ നടന്ന ഇറാൻ അമേരിക്ക വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടെങ്കിലും പാകിസ്താന്റെ മധ്യസ്ഥതയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്തയാഴ്ച താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെ ചർച്ച തുടരുന്നതിന് സാധ്യത തേടുകയാണ് ഇരു രാജ്യങ്ങളും. വ്യാഴാഴ്ച ഇസ്ലാമാബാദിലോ ജനീവയിലോ ചർച്ച നടത്താനാണ് നീക്കം.

അതിനിടെ ഇറാന് സൈനിക പിന്തുണ നൽകുന്നുവെന്നാരോപിച്ച് ചൈനയ്‌ക്കെതിരെ 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. എന്നാൽ അത്തരമൊരു നടപടിയുണ്ടായാൽ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ അമേരിക്കൻ ഉപരോധം മറികടന്ന് ചൈനയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. റിച്ച് സ്റ്റാറി എന്ന കപ്പലാണ് ഹോർമുസ് കടന്നത്. ഇന്നലെ ഇറാനിൽ നിന്നും എണ്ണ കൊണ്ടുവന്നിരുന്ന ചൈനീസ് കപ്പലായ എലിപ്‌സും ഹോർമുസ് കടലിടുക്ക് കടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!