പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ വോട്ടെടുപ്പിനിടെ വോട്ടിങ് മെഷീനിലെ ചിത്രങ്ങളുടെ വ്യക്തതയെച്ചൊല്ലി വൻ വിവാദം.
മല്ലപ്പുഴശേരി ബൂത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇവിഎം) എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോ മാത്രം അതിവ്യക്തമാണെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത വിധം അവ്യക്തമാണെന്നുമാണ് യുഡിഎഫ് പരാതിപ്പെട്ടിരിക്കുന്നത്.
വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനും എൽഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കാനും ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി നടന്നോ എന്ന സംശയത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കോൺഗ്രസ് നേതാക്കൾ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനെ നേരിട്ട് വിളിച്ച് പരാതി ബോധിപ്പിച്ചു.
പരാതിയിൽ ഉടൻ പരിശോധന നടത്തുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള മെഷീനുകൾ ഉപയോഗിക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, പ്രചാരണത്തിന്റെ തുടക്കം മുതൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഇതൊന്നും വോട്ടർമാരെ ബാധിക്കില്ലെന്നുമാണ് വീണാ ജോർജിന്റെ പ്രതികരണം.
