സോഷ്യൽ മീഡിയയിലെ സബ്സ്ക്രിപ്ഷൻ വരിക്കാരുടെ മോശം പെരുമാറ്റത്തിനെതിരെ പ്രതികരിച്ച് തമിഴ് നടി അഭിരാമി വെങ്കിടാചലം. തന്റെ സർഗാത്മകതയും ഇതുവരെ പരീക്ഷിക്കാത്ത ആർട്ടിസ്റ്റിക് ചിത്രങ്ങളും പങ്കുവയ്ക്കാനാണ് താൻ ഇങ്ങനെയൊരു ഇടം തുടങ്ങിയതെന്ന് നടി പറഞ്ഞു.
അതോടൊപ്പം നഗ്നത പ്രതീക്ഷിച്ചാണ് ആരെങ്കിലും എത്തിയതെങ്കിൽ അവർക്ക് ഇപ്പോൾ തന്നെ അൺസബ്സ്ക്രൈബ് ചെയ്ത് പോകാമെന്നും നടി പറഞ്ഞു. താൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന കാര്യം മറ്റാരും പറഞ്ഞു തരുന്നത് അംഗീകരിക്കാനാവില്ലെന്നും വരിക്കാരുടെ നിർദ്ദേശത്തിന് അനുസരിച്ചല്ല, മറിച്ച് തന്റെ സർഗ്ഗാത്മകത പങ്കുവെക്കാനാണ് താൻ ഇവിടെ എത്തിയതെന്നും അഭിരാമി പറഞ്ഞു.
‘‘എന്നെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രിയപ്പെട്ട സബ്‌സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിന് മുൻപ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ പേജ് തുടങ്ങിയത്.
അല്ലാതെ സബ്‌സ്‌ക്രിപ്ഷൻ എടുത്തു എന്ന് കരുതി ഞാൻ ഇവിടെ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ അൺസബ്സ്ക്രൈബ് ചെയ്ത് പോകാം.
ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു തരാൻ ആരും നോക്കണ്ട, എന്റെ ക്രിയേറ്റിവിറ്റി ഷെയർ ചെയ്യാനാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം. പിന്നെ ഒരു കാര്യം കൂടി, ഇതൊരു പോൺ സൈറ്റല്ല.’’– അഭിരാമി കുറിച്ചു.
തമിഴ് ചലച്ചിത്ര-ടെലിവിഷൻ രംഗത്ത് സജീവമായ അഭിരാമി വെങ്കടാചലം മോഡലിങിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. 2018-ൽ പുറത്തിറങ്ങിയ ‘നോട്ട’ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. അജിത് നായകനായ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിലെ വേഷം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബിഗ് ബോസ് തമിഴ് സീസൺ 3-ലൂടെയും അതിന്റെ ഒടിടി പതിപ്പായ ബിഗ് ബോസ് അൾട്ടിമേറ്റിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് അഭിരാമി.
