ലക്നൗ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. രാഹുലിന് പരിക്കില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ലഖ്നൗവിൽനിന്ന് സുൽത്താൻപുർ കോടതിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. അഞ്ച് വാഹനങ്ങളാണ് രാഹുലിന്റെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മുന്നിൽ പോയിരുന്ന വാഹനം ഒരു ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
ആംബുലൻസിൽ തട്ടിയ വാഹനം ബ്രേക്കിട്ടതോടെ പിന്നാലെ വന്ന വാഹനങ്ങളും ഇതിലേക്ക് ഇടിച്ച്, കൂട്ടിയിടിയായി മാറുകയുമായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. രാജ്യതലസ്ഥാനത്തിന് 100 കിലോമീറ്റർ അകലെ, ഹലിയാപുർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെയാണ് രാഹുൽ ലഖ്നൗ വിമാനത്താവളത്തിൽ എത്തിയത്. അവിടെ നിന്നാണ് വാഹനവ്യൂഹവുമായി, സുൽത്താൻപുരിലേക്ക് നീങ്ങിയത്. ലക്ഷ്യസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെവെച്ചാണ് അപകടമുണ്ടായത്. ബിജെപി അധ്യക്ഷനായിരിക്കെ അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സുൽത്താൻപുരിലെത്തിയത്.
2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പ്രചാരണ റാലിയിലാണ് രാഹുൽ, അമിത് ഷായ്ക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയത് എന്നാണ് ആരോപണം. സുൽത്താൻപുരിലെ പ്രത്യേക എംപി-എംഎൽഎ കോടതി, ഇന്ന് കേസിൽ വിധി പറയാനിരിക്കെ, വിധി പ്രസ്താവത്തിനായി രാഹുലിന്റെ നേരിട്ടുള്ള സാന്നിധ്യം ആവശ്യമായിരുന്നു.
സുൽത്താൻപുർ ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് മുൻ ചെയർമാനും ബിജെപി നേതാവുമായ വിജയ് മിശ്രയാണ് അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ രാഹുലിനെതിരെ പരാതി നൽകിയത്.
