മുഹമ്മ : സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിൽ നിന്നു കുമരകത്തേയ്ക്കുള്ള ഫെറി സർവ്വീസിൽ ദിനംപ്രതി യാത്രക്കാരുടെയും, വിനോദ സഞ്ചാരികളുടെയും വരവ് വർദ്ധിച്ചു. ലോക പ്രശസ്തമായ പക്ഷി സങ്കേതം ഉൾപ്പെടെയുള്ള സ്ഥലമാണ് കുമരകം. എന്നാൽ ഇവിടെ എത്തുന്ന ടൂറിസ്റ്റുകൾക്ക് കുരിശ്ശടി ജെട്ടിയിലെ കായൽഭംഗി ആസ്വദിക്കാൻ സാധിക്കുന്നില്ല.
ജല ഗതാഗത വകുപ്പ് നിരവധിയായ ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്ന സമയമാണ്. നിലവിലുള്ള കുമരകം ബോട്ടു ജെട്ടിയിൽ ബോട്ടുകൾ തിരിക്കുന്നതിനു ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കുമരകം കുരിശ്ശടി ജെട്ടിയിൽ ബോട്ട് ടെർമ്മിനൽ വന്നാൽ വിനോദ സഞ്ചാരികൾക്ക് വേണ്ട സുരക്ഷകളോടെ കായൽഭംഗി ആസ്വദിച്ചു മടങ്ങാൻ അവസരമാകും.
ഇതിനു പരിഹാരം കാണാൻ കുമരകം പഞ്ചായത്ത് സമിതി വേണ്ട നടപടി സ്വീകരികണമെന്നു സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
യൂണീറ്റ് പ്രസിഡൻ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ഉത്ഘാടനം ചെയ്തു. കമ്മറ്റി അംഗങ്ങളായ കെ കെ രാജേഷ്, സൂരജ് , സജി , സതീശൻ മുഹമ്മ തുടങ്ങിയവർ പങ്കെടുത്തു.
