കോട്ടയം : സംസ്ഥാനത്ത് മഴക്കെടുതി അതി രൂക്ഷം.അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടലുണ്ടായി. കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി.
കോട്ടയം ജില്ലയുടെ മലയോരമേഖലകളിലും പ്രളയസമാനമായ സാഹചര്യമാണ് നിലവിലുള്ളത്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുന്നു.
കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ വീടിനു മുകളിലേക്ക് കല്ലും മണ്ണും വന്നുപതിച്ചു.
ജോണിയും ഭാര്യയും മകനും ഉള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
വാഗമൺ കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
മുണ്ടക്കയം കോസ്‌വേ പാലം, ഈരാറ്റുപേട്ടയിലെ കോസ്‌വേകൾ, തീക്കോയി പള്ളിവാതിൽ പാലം എന്നിവ പൂർണമായും വെള്ളത്തിനടിയിലായി.
ദേശീയപാത 183-ൽ അമലഗിരി ഭാഗത്തും ഈരാറ്റുപേട്ട-വാഗമൺ റോഡിലും തീക്കോയി-വാഗമൺ റൂട്ടിലും മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഇടുക്കി ജില്ലയിലെ ലോ റേഞ്ച് മേഖലകളിൽ ഇന്നലെ വൈകിട്ടോടെ ആരംഭിച്ച കനത്ത മഴ തുടരുന്നതിനിടയിലാണ് കുടയത്തൂർ ഏഴാം വാർഡിലെ അടൂർ മലയിൽ ഉരുൾപൊട്ടലുണ്ടായത്.
തൊടുപുഴ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരുവീട് പൂർണമായും മണ്ണിനടിയിലായി. മഷിക്കല്ലേൽ രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽപ്പെട്ട ഗൃഹനാഥൻ രവി, മകൻ രതീഷ് എന്നിവരെ രക്ഷപ്പെടുത്തിയെങ്കിലും രവിയുടെ ഭാര്യ സുമതി മരിച്ചു.
മുട്ടം ചൊള്ളാവയൽ, നെല്ലാപ്പാറ, ഏലപ്പാറ എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു വരുന്നുണ്ട്. തൊടുപുഴ ടൗണിലും വലിയ രീതിയിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
