എറണാകുളം: കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ ട്വൻ്റി ട്വൻ്റി ബാനറിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. പത്തനംതിട്ടയിലെ മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു.
കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജി വെക്കുന്നതായും മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബാബുവിനെ പ്രഖ്യാപിച്ചത്.
എൻഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെ സർപ്രൈസ് എൻട്രി. പട്ടിമറ്റത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലേക്ക് ബാബു എത്തി. കോൺഗ്രസ് പാർട്ടിക്കു വേണ്ടി എല്ലാം ചെയ്തു. 2011ലും 2016ലും 2021ലും തന്നെ പരിഗണിച്ചില്ല. ഇത്തവണയും പരിഗണിക്കില്ലെന്ന് ഉറപ്പായതോടെ വിട്ടുപോകുകയായിരുന്നു വെന്ന് ബാബു പറയുന്നു.
ബാബു ദിവാകരൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണെന്ന് ട്വൻ്റി ട്വൻ്റി പാർട്ടി ചെയർമാൻ സാബു ജേക്കബ് പറഞ്ഞു. ഇന്നലെ വരെ വാടക വീട്ടിൽ താമസിച്ച വ്യക്തിയാണ് അദ്ദേഹ മെന്നും 30 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെങ്കിലും ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും സാബു പറഞ്ഞു.
