സി.വി ആനന്ദബോസ് പശ്ചിമബംഗാൾ ഗവർണർ പദവി രാജിവച്ചതിന് പിന്നിലെ രാഷ്ട്രീയം…

ന്യൂഡൽഹി: ഗവർണർ സി.വി. ആനന്ദബോസ് രാജിവച്ചതോടെ പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ആനന്ദബോസിന്റെ രാജിവെച്ചതിന് പിന്നാലെ തമിഴ്നാട് ഗവർണറായ ആർ.എൻ. രവിക്ക് ബംഗാൾ ഗവർണറുടെ താത്കാലിക ചുമതലയും കേന്ദ്രസർക്കാർ നൽകി. ഇതോടെ കേന്ദ്രസർക്കർ നടപടിയെ രൂക്ഷമായി വിമർശിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. പെഡറൽ തത്വങ്ങൾ കാറ്റിൽപറത്തുകയാണ് കേന്ദ്രസർക്കാർ എന്നാണ് മമതയുടെ ആരോപണം.

രാജിയുടെ കാരണത്തെക്കുറിച്ച് ആനന്ദബോസ് ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സംസ്ഥാനത്തിലെ ഭരണസംവിധാനങ്ങളിൽ തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം കുറയ്ക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

ബംഗാൾ പിടിച്ചെടുക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനത്ത് അധികാരം നേടുക എന്നത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തന്റെ അഭിമാന വിഷയമായിട്ടുണ്ട്. സംസ്ഥാന പൊലീസടക്കമുള്ള ഭരണ സംവിധാനങ്ങൾ ബിജെപിക്ക് വലിയ വെല്ലുവിളിയാണെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അതിനാൽ ഗവർണർ സ്ഥാനത്തിലെ മാറ്റം വഴി ഭരണസംവിധാനങ്ങളിൽ കൂടുതൽ നിയന്ത്രണം ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

കേന്ദ്രം ഫെഡറൽ മര്യാദകൾ ലംഘിച്ചെന്ന് മമത

ഇതിനിടെ ഗവർണറുടെ താത്കാലിക ചുമതല ആർ.എൻ. രവിക്ക് നൽകുന്നതിന് മുൻപ് സംസ്ഥാന സർക്കാരുമായി ആലോചന നടത്താതിരുന്നത് ഫെഡറൽ മര്യാദകളുടെ ലംഘനമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. ഗവർണർ ആനന്ദബോസ് രാജിവെച്ചതും രവിക്ക് താത്കാലിക ചുമതല നൽകിയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മമതയെ അറിയിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുൻകൂട്ടി ചർച്ച നടത്താത്തതിൽ മമത അതൃപ്തി പ്രകടിപ്പിച്ചു. നടപടിക്രമം അതിനാവശ്യപ്പെടുന്നില്ലെന്നായിരുന്നു അമിത് ഷായുടെ മറുപടി.

2022 നവംബറിലാണ് സി.വി. ആനന്ദബോസ് പശ്ചിമബംഗാൾ ഗവർണറായി ചുമതലയേറ്റത്. സ്വാഭാവികമായ അഞ്ചുവർഷ കാലാവധി പൂർത്തിയാകാൻ ഏകദേശം 20 മാസം ശേഷിക്കെ അദ്ദേഹം സ്ഥാനമൊഴിയുകയായിരുന്നു. ഒൻപത് മാസം മുമ്പ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് സജീവമായി പ്രവർത്തനം തുടരുകയായിരുന്നു. രാജ്ഭവന്റെ പേര് ‘ലോക് ഭവൻ’ എന്ന് മാറ്റുകയും ജനസമ്പർക്ക പരിപാടികൾ ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. പുതിയ ഗവർണറെ കേന്ദ്രം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!