വഖഫ് നിയമത്തിനെതിരെ ബംഗാളില്‍ വീണ്ടും സംഘര്‍ഷം, പൊലീസ് വാഹനങ്ങള്‍ തീവെച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഖ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി, സംഘര്‍ഷത്തില്‍ പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

പ്രതിഷേധക്കാര്‍ നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. പാര്‍ട്ടി നേതാവും ഭംഗര്‍ എംഎല്‍എയുമായ നൗഷാദ് സിദ്ദീഖ് പങ്കെടുക്കുന്ന വഖഫ് വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്ത രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

രാംലീല മൈതാനിയില്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഐഎസ്എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ മുര്‍ഷിദാബാദ് ജില്ലയില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ജാഫ്രാബാദില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സമാധാനപരമായി പ്രതിഷേധം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും, ആരും നിയമം കയ്യിലെടുക്കരുതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ചിലര്‍ മതവികാരം വെച്ചു കളിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.

അതിനിടെ, ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി, കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിന് കത്തെഴുതി. സംഘര്‍ഷം മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ നിര്‍ബന്ധിതമായി കുടിയിറങ്ങാന്‍ കാരണമായി. അവരില്‍ പലരും മാള്‍ഡ ജില്ലയിലെ ഭാഗീരഥി നദിക്ക് സമീപം അഭയം തേടിയിരിക്കുകയാണ്. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാനവും സാധാരണ നിലയും ഉടനടി പുനഃസ്ഥാപിക്കണം. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ സുരക്ഷയും അവരുടെ മാന്യമായ തിരിച്ചു വരവും ഉറപ്പാക്കണം, ഹീന പ്രവൃത്തിക്ക് പിന്നിലെ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനായി അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സുകാന്ത മജുംദാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!