അർജുൻ്റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും…കാരണം…

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും.

ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്‍റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!