ദേശീയ സേവാഭാരതിയുടെ തണലിൽ
ഗോപികയ്ക്കും ജ്യോതികയയ്ക്കും വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമായി


കോട്ടയം : ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് സേവാഭാരതി നിർമ്മിച്ചു നല്കിയ വീടിന്റെ താക്കോൽ കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ ജ്യോതിക വിശ്വനാഥ് എന്ന കുട്ടിയുടെ ഹൃദയം വിങ്ങുകയായിരുന്നു. കയറിക്കിടക്കുവാൻ സുരക്ഷിതമായി സ്വന്തമായി ഒരു വീടു കിട്ടിയതിന്റെ സന്തോഷമായിരുന്നു ആ വിങ്ങലിൽ ഒതുക്കിയത്. അച്ഛൻ വിശ്വനാഥന്റെ സ്വപ്‌നമായിരുന്നു തന്റെ രണ്ടു പെൺമക്കൾക്ക് സുരക്ഷിതമായി കഴിയുവാൻ അടച്ചുറപ്പുള്ള ഒരു വീടു നിർമ്മിക്കുകയെന്നത്.

എന്നാൽ കാൻസർ രോഗം പിടിപെട്ട് അദ്ദേഹം മരിക്കുമ്പോൾ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കുവാൻ കഴിഞ്ഞില്ല. അധികനാൾ കഴിയും മുമ്പേ താമസിച്ചിരുന്ന ഓടിട്ട വീട് നിലംപൊത്തി. അതോടെ അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബം നിരാലംബരായി.
ഈ സമയം നാട്ടിലെ ആർഎസ്എസ് പ്രവർത്തകർ അവർക്ക് താങ്ങും തണലുമായി രംഗത്തുവന്നു. ഈ കുടുംബത്തിന് സുരക്ഷിതമായി കിടന്നുറങ്ങുവാൻ ഒരു വീടു ലഭിക്കുന്ന കാര്യത്തെക്കുറിച്ച് ദേശീയ സേവാഭാരതിയുമായി കൂടിയാലോചിച്ചു. അങ്ങനെ സേവാഭാരതിയുടെ കണക്കു പുസ്തകത്തിൽ ജ്യോതികയുടെയും ഗോപികയുടെയും പേരും എഴുതി ചേർക്കപ്പെട്ടു.

വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാകുവാൻ പിന്നീട് അധികകാലം വേണ്ടി വന്നില്ല. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഇക്കാര്യത്തിൽ സേവാഭാരതിയുമായി കൈകോർത്തു. അങ്ങനെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇന്നലെ രണ്ടു കിടപ്പുമുറികളും, ഹാളും, അടുക്കളയും വരാന്തയും, ശുചിമുറിയും അടങ്ങുന്ന വീടിന്റെ ഗൃഹപ്രവേശവും നടന്നു.

കേന്ദ്രമന്ത്രി ജോർജ് കുര്യൻ വീട്ടുമുറ്റത്ത് ഫലവൃക്ഷത്തൈ നടുന്നു

നിരവധിയാളുകളുടെ കൂട്ടായ പരിശ്രമമാണ് ഈ സത്കർമ്മത്തിന് കാരണമായതെന്നും ഈ രീതിയിലുള്ള പ്രവർത്തനം സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും വീടിന്റെ താക്കോൽദാനം നിർവഹിച്ച് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ പറഞ്ഞു. സമർപ്പണ മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് സേവാഭാരതി ചെയ്യുന്നതെന്നും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹായഹസ്തം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുമുറ്റത്ത് അദ്ദേഹം ഫലവൃക്ഷത്തൈയും നട്ടു.

സേവാഭാരതി അയ്മനം യൂണിറ്റ് പ്രസിഡന്റ് അനിത മധു അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജയലക്ഷ്മി അമ്മാൾ മംഗളപത്രസമർപ്പണം നടത്തി. ആർഎസ്എസ് സക്ഷിണ കേരളം പ്രാന്തീയ കാര്യകാരി അംഗം അഡ്വ. എൻ ശങ്കർ റാം സേവാസന്ദേശം നല്കി.

അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു ശിവ പ്രസാദ്, 20-ാം വാർഡ് അംഗം വൈഷ്ണവി സി.എസ്, മൈത്രീ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്് ലക്ഷ്മീ നാരായണൻ, സേവാഭാരതി അയ്മനം യൂണിറ്റ് സെക്രട്ടറി മഹേഷ് പി.കെ ,ട്രഷറർ പി.എസ് മുരളീധർ എന്നിവർ പ്രസംഗിച്ചു. കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി ഈശ്വര പ്രാർത്ഥനയും കുടുംബനാഥ സുശീല ടി കെ മറുപടി പ്രസംഗവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!