എറണാകുളം: കുണ്ടന്നൂർ-തേവര പാലത്തിൽനിന്നും കായലിലേക്ക് ചാടിയ യുവതിക്ക് പോലീസുകാരും നാട്ടുകാരും ചേർന്ന് രക്ഷകരായി. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വൈറ്റിലയിൽ താമസിക്കുന്ന പാലക്കാട് കൊപ്പം സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പാലത്തിന് മുകളിൽ നിന്ന് വലിയ ശബ്ദത്തോടെ എന്തോ വെള്ളത്തിൽ വീഴുന്നത് സമീപത്തുണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ദിലീപ് കുമാർ, എസ് സിപിഒ കെ.പി. അജയ്, ഡ്രൈവർ എഎസ്‌ഐ ഹാരിസ് മൊയ്തീൻ എന്നിവർ പരിശോധന നടത്തി. യുവതി കായലിൽ വീണതാണെന്ന് മനസ്സിലാക്കിയതോടെ ഉദ്യോഗസ്ഥർ ഒട്ടും വൈകാതെ തന്നെ സമീപത്തെ വള്ളമെടുത്ത് കായലിലിറങ്ങി.
യുവതിക്ക് അരികിലെത്തിയെങ്കിലും അവരെ വള്ളത്തിലേക്ക് ഉയർത്താൻ പോലീസുകാർ ബുദ്ധിമുട്ടി. ഈ സമയം സമീപത്തെ വർക്ക്‌ഷോപ്പ് ജീവനക്കാരായ മരട് സ്വദേശി ജോളിയും പനങ്ങാട് സ്വദേശി ജിജോയും കായലിലേക്ക് ചാടി നീന്തിയെത്തുകയായിരുന്നു. ഇവർ യുവതിയെ മുങ്ങിപ്പോകാതെ താങ്ങിനിർത്തുകയും തുടർന്ന് പോലീസുകാരുടെ വള്ളത്തിൽ സുരക്ഷിതമായി കരയിലെത്തിക്കുകയും ചെയ്തു.
കരയിലെത്തിച്ച യുവതിക്ക് ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് പോലീസ് വാഹനത്തിൽ തന്നെ മരടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവതി ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്.
കുണ്ടന്നൂർ പാലത്തിൽനിന്ന് യുവതി കായലിൽ ചാടി; വള്ളവുമായി പോലീസും നീന്തി നാട്ടുകാരും
