പെരുമ്പാവൂർ : ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ക്യാംപെയിന്റെ ഭാഗമായി പെരുമ്പാവൂരിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വൻ ജനകീയ റാലി നടന്നു. കനത്ത മഴയെയും അവഗണിച്ച് നടന്ന റാലിയിൽ ഡിജിപി, ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്നതും ലഹരിക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്‌തതുമായ പെരുമ്പാവൂരിൽ നിന്നാണ് തൂഫാൻ ജാഗരൺ പരിപാടിക്ക് തുടക്കമിട്ടത്. മുൻപ് ഈ മേഖലയിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു.
റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി കൂടുതൽ സമയം ഹിന്ദിയിലും സംസാരിച്ച രമേശ് ചെന്നിത്തല, മഴയെ പോലും അവഗണിച്ച് ജനങ്ങൾ എത്തിയതിലൂടെ ലഹരിവിരുദ്ധ പോരാട്ടത്തിന് സമൂഹത്തിൻ്റെ പിന്തുണ വ്യക്തമാകുന്നുവെന്ന് പറഞ്ഞു. പെരുമ്പാവൂരിനെ ലഹരിയുടെ കേന്ദ്രമെന്ന കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, അതിന് പൊലീസിന്റെ പ്രവർത്തനത്തിനൊപ്പം പൊതുജനങ്ങളുടെ പങ്കാളിത്തവും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ സിനിമയായ ‘നരൻ’ പരാമർശിച്ച ചെന്നിത്തല, “ഓപ്പറേഷൻ തൂഫാന്റെ ആദ്യ തൂഫാൻ വാരിയർ മോഹൻലാലാണ്” എന്ന് ചൂണ്ടിക്കാട്ടി. കരുത്തും പോരാട്ടവീര്യവും നിറഞ്ഞ ജനതയുടെ നാടാണ് പെരുമ്പാവൂരെന്നും, പ്ലൈവുഡ് ക്യാപിറ്റൽ എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം ഇനി ലഹരിയുടെ കേന്ദ്രമെന്ന വിശേഷണത്തിൽ നിന്ന് മോചിതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 വരെ 5,260 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5,634 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ലഹരിക്കടിമകളായവരെ ചികിത്സയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളുമായുള്ള ഏകോപനം ശക്തമാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. തമിഴ്നാട്, കർണാടക, തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ കത്തയച്ചിട്ടുണ്ടെന്നും, ഈ മാസം 10-ന് വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം ചേർന്ന് സംയുക്ത പ്രതിരോധ നടപടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
