തിരുവനന്തപുരം: ടാറ്റ പദ്ധതി, വഖഫ് വിഷയങ്ങളിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് പി. രാജീവ്. വി.ഡി. സതീശൻ ഉന്നയിക്കുന്ന കാര്യങ്ങൾ തികച്ചും വസ്തുതാവിരുദ്ധവും നുണകളുമാണെന്ന് പി. രാജീവ് ആരോപിച്ചു. വി.ഡി. സതീശന്റെ വാർത്താസമ്മേളനം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം ബി.ജെ.പിയുടെ വക്താവിനെപ്പോലെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടാറ്റയെ സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമം നടന്നത്. എന്നാൽ ടാറ്റയുടെ പ്രതിനിധിയല്ല, മറിച്ച് ടാറ്റയ്ക്ക് ഷെയറുള്ള സബ്‌സിഡിയറി കമ്പനിയുടെ പ്രതിനിധിയാണ് മുൻപ് കൂടിക്കാഴ്ച നടത്തിയത്. മുൻ സർക്കാരിന്റെ കാലത്ത് ഈ കമ്പനിയുമായി ധാരണാപത്രം (MoU) ഒപ്പിട്ടിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി. വഖഫ് വിഷയത്തിലും തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. വഖഫ് ഹർജികൾ സുപ്രീംകോടതി തള്ളിയെന്ന വാദം കള്ളമാണ്. സുപ്രീംകോടതി ഈ കേസ് പരിഗണിക്കാൻ പോകുന്നതേയുള്ളൂ, ഇതിൽ തീയതി പോലും തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു കേസ് തള്ളി എന്ന് ആധികാരികമായി പറയുന്നത് അത്ഭുതകരമാണെന്നും ഇതിന്റെ വസ്തുതകൾ ഓഫീസ് പോലും പരിശോധിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിം വിശ്വാസം കൈകാര്യം ചെയ്യുന്ന ബോർഡിനകത്ത് മുസ്ലിം സമുദായത്തിൽപ്പെട്ടവർ മാത്രമേ പാടുള്ളൂ എന്നാണ് പ്രതിപക്ഷ നേതാവ് മുൻപ് പറഞ്ഞത്. അതിനെയാണ് ബി.ജെ.പി സംസാരിക്കുന്നത് പോലെ വർഗീയത പറയുന്നതെന്ന് ചിത്രീകരിക്കുന്നത്. സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് രണ്ട് സീറ്റുകൾ നിലവിൽ ഒഴിച്ചിട്ടിരിക്കുന്നത്. അല്ലാതെ അതിൽ അമുസ്ലിങ്ങളെ നിയമിക്കാനല്ലെന്നും പി. രാജീവ് കൂട്ടിചേർത്തു.
