സുവർണ ജൂബിലി നിറവിൽ  ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ

ന്യൂയോർക്ക് : യാക്കോബായ സഭയുടെ അമേരിക്കൻ അതിഭദ്രാസനത്തിലെ സീനിയർ വൈദികനായ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പായുടെ പുരോഹിത ജീവിതത്തിന് 2026 ഫെബ്രുവരി 24-ന് അമ്പത് വർഷം പൂർത്തിയാകുന്നു. 1976 മുതൽ 2026 വരെ നീളുന്ന ഈ അമ്പത് വർഷങ്ങൾ ഒരു സാധാരണ സേവനയാത്രയല്ല, വിശ്വാസത്തിൽ ഉറച്ചു നിന്ന ആത്മീയ സാക്ഷ്യത്തിന്റെ ദീപസ്തംഭമാണ്.

അജപാലനത്തിന്റെ പ്രഭാപൂരിത രജതരേഖയാണ്‌  അദ്ദേഹത്തിൻ്റെ ജീവിതയാത്ര.

ദൈവവിളിയോടെ ആരംഭിച്ച ഈ പുരോഹിതജീവിതം സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമായി മാറിയ അമ്പത് വർഷങ്ങളുടെ പ്രഭാപൂരിത സാക്ഷ്യമായി വിശ്വാസികൾ നന്ദിയോടെ സ്മരിക്കുന്നു.

അമേരിക്കൻ അതിഭദ്രാസനത്തിൽ അഭിവന്ദ്യ യെൽദൊ മോർ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിന്റെ വിവിധ ആത്മീയ-ഭരണപര പ്രവർത്തനങ്ങളിൽ ചട്ടത്തിൽ അച്ചന്റെ സമർപ്പിത സേവനം ശ്രദ്ധേയമായ പങ്കുവഹിച്ചു. അതിന് മുൻപ് കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിലും പൊതുമണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

1952 ആഗസ്റ്റ് 9-ന് കുമരകത്ത് നെല്ലാനിക്കൽ കുടുംബത്തിൽ പരേതനായ തോമസ് വർഗീസിന്റെയും വാകത്താനം പ്ലാപ്പറമ്പിൽ കുടുംബത്തിൽപ്പെട്ട വളളാംകടവിൽ പരേതയായ അച്ചാമ്മ തോമസിന്റെയും മൂത്ത പുത്രനായി ജനിച്ചു. 1974 നവംബർ 25-ന് പുണ്യശ്ലോകനായ പെരുമ്പിള്ളി  തിരുമേനിയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു. 1975 നവംബർ 2-ന് യൗപതിയാകീനോ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1976 ഫെബ്രുവരി 22-ന് തിരുമേനിയുടെ തൃക്കരങ്ങളാൽ പൂർണ്ണ ശെമ്മാശനായി . മലങ്കര സഭയുടെ മഹാനായ ദിവ്യസാക്ഷിയും ആത്മീയ പ്രഭയായ പുണ്യശ്ലോകനായ പെരുമ്പള്ളീ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്നാണ് തിരുവചന ശുശ്രൂഷയുടെ എല്ലാതലത്തിലുമുള്ള  മഹത്വപൂർണ്ണ തുടക്കം ലഭിച്ചത്.

1976 ഫെബ്രുവരി 16-ന് പേരൂർ താഴത്തേടത്തായ കാനാട്ടുതുണ്ടത്തിൽ പരേതനായ കോര ഉലഹന്നാന്റെയും നീലിമംഗലത്ത് മഠത്തേട്ടു കുടുംബത്തിൽ പരേതയായ ശോശാമ്മയുടെയും പുത്രി ലില്ലിക്കുട്ടിയെ വിവാഹം ചെയ്തു. തുടർന്ന് 1976 ഫെബ്രുവരി 24-ന് തൃക്കോതമംഗലം സെന്റ് മേരീസ് ബേതലഹേം പള്ളിയിൽ വെച്ച് പെരുമ്പള്ളി ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്നും കശീശ പട്ടം സ്വീകരിച്ചു. അന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പുരോഹിതജീവിതം ആരംഭിച്ചത്.

അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുൻപ് കോട്ടയം ഭദ്രാസനത്തിൽ കൗൺസിൽ അംഗമായും വൈദീക  സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. ഭരണപരമായും ആത്മീയപരമായും വലിയ ഉത്തരവാദിത്വങ്ങളാണ് അദ്ദേഹം വഹിച്ചത് . സഭാ സേവനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. തൃക്കോതമംഗലം പെരുവേലിപ്പാലം–നെല്ലിക്കക്കുന്ന് റോഡ് നിർമ്മാണ കമ്മിറ്റിയുടെ കൺവീനറായി പ്രവർത്തിക്കുകയും തൃക്കോതമംഗലം ഗവ. ഹൈസ്കൂളിന്റെ പി ടി എ പ്രസിഡന്റായി ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തു. തൃക്കോതമംഗലം സെന്റ് മേരീസ് ബേതലഹേം പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചു. മദ്രാസ് അണ്ണാനഗർ സെന്റ് തോമസ് പള്ളിയുടെ ആരാധനയും നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുവാൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ ചുമതലപ്പെടുത്തി. വിശ്വസ്തതയോടും ആത്മാർത്ഥതയോടും സഭയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ തെളിവുകളാണ് ഇവ.

അമേരിക്കയിൽ കുടിയേറിയശേഷവും നിസ്തുലമായ സഭാ സേവനം തുടർന്നു. ഭദ്രാസന കൗൺസിൽ അംഗമായും ഭദ്രാസന വൈദീക സെക്രട്ടറിയായും അന്ത്യോഖ്യാ വിശ്വാസസംരക്ഷണ സമിതി വൈസ് പ്രസിഡന്റ് തുടങ്ങിയ  ചുമതലകൾ വഹിച്ചു. അന്ത്യോഖ്യാ സത്യവിശ്വാസത്തിൽ ഉറച്ചു നിന്നു സഭയുടെ ഐക്യത്തിനും ആത്മീയ പാരമ്പര്യ സംരക്ഷണത്തിനുമായി ശക്തമായി നിലകൊണ്ടു.

ദീർഘകാല ആത്മാർത്ഥ സേവനത്തിന്റെ അംഗീകാരമായി, പരിശുദ്ധ പാത്രിയാർക്കിസ്  മോറൻ മോർ ഇഗ്‌നാത്തിയോസ് സക്കാ പ്രഥമൻ ബാവായുടെ കല്പനയാൽ  അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യ ആർച്ച്‌ബിഷപ്പ് യൽദോ മോർ തീത്തോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ 2011 സെപ്റ്റംബർ 24-ന് വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയിൽ വെച്ച് കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
        
എളനാട് സെന്റ് മേരീസ്, വട്ടുളളി സെന്റ് ജോർജ്, പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയപള്ളി ,നാലുന്നാക്കൽ സെന്റ് ആദ്ദായിസ്, കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി, വടവാതൂർ മാർ അപ്രേം, വെളളൂർ സെന്റ് സൈമൺസ്, പങ്ങട സെന്റ് മേരീസ്, മീനടം സെന്റ് ജോൺസ്, മീനടം സെന്റ് ഇഗ്നാത്തിയോസ്, വാഴൂർ സെന്റ് ജോർജ്, കോരുത്തോട് സെന്റ് മേരീസ്, വാകത്താനം സെന്റ് ഇഗ്നാത്തിയോസ്, തൃക്കേതമംഗലം സെന്റ് മേരീസ് ബേതലഹേം, കുമരകം ആറ്റാമംഗലം, പാണംപടി സെന്റ് മേരീസ്, നട്ടാശ്ശേരി പൊൻപള്ളി, മദ്രാസ് അണ്ണാനഗർ സെന്റ് തോമസ്, പാറമ്പുഴ സെന്റ് സ്റ്റീഫൻസ്, പളളം സെന്റ് ഇഗ്നാത്തിയോസ്, ഇല്ലിക്കൽ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചതിനു ശേഷം അമേരിക്കയിൽ ആൽബനി സെന്റ് മേരീസ്, വെസ്റ്റ് നയാക് സെന്റ് മേരീസ്, സ്റ്റാറ്റൻ ഐലൻഡ് സെന്റ് ജോൺസ്, വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ്,  വാണക്യു സെന്റ് ജെയിംസ് , യോങ്കേഴ്‌സ് സെന്റ് ജോൺസ് എന്നീ പള്ളികളിൽ വികാരിയായി ആത്മീയ നേതൃത്വം നൽകി.

ദീർഘകാലമായി ന്യൂസിറ്റി സെന്റ് ജോർജ് ദേവാലയത്തിന്റെ വികാരിയായും, നാന്യുവറ്റ് സെന്റ് ജോർജ് ദേവാലയത്തിന്റെ സഹവികാരിയുമായും നിലവിൽ ആത്മീയ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു.

അദ്ദേഹത്തിന്റെ കുടുംബജീവിതം ദൈവാനുഗ്രഹത്തിന്റെ വസന്തകാലംപോലെ സമൃദ്ധവും സന്തോഷഭരിതവുമാണ്. സഹധർമിണിയായ ലില്ലിക്കുട്ടി അമ്മായിയോടൊപ്പം മക്കളായ ജോബി വർഗീസും  ലേഖ വർഗീസും  ജീവിതയാത്രയിലെ അഭിമാനവും ആശ്വാസവുമാണ്. മരുമക്കളായ സബി വർഗീസും ലിനു ജോബിയും  കൂടാതെ കൊച്ചുമക്കളായ ലിയാ, ജോഷ്വാ, അലൈനാ, നെയ്ഥൻ എന്നിവർ കുടുംബത്തിന്റെ സന്തോഷപുഷ്പങ്ങളായി പുതുതലമുറയുടെ പ്രത്യാശയായി വളരുന്നു.

ന്യൂയോർക്കിലെ ആൽബനിയിലുള്ള  സഹോദരന്മാരായ കുരിയൻ തോമസ് ചട്ടത്തിൽ, പീറ്റർ എൻ. തോമസ് ചട്ടത്തിൽ (മനോജ്) എന്നിവരും സഹോദരിയായ സൂസമ്മ മാത്യുവും കുടുംബ ഐക്യത്തിന്റെ ശക്തമായ തൂണുകളാണ്.

സ്വർണ്ണ ജൂബിലി ആഘോഷം – 2026 ഏപ്രിൽ 18ന്

2026 ഏപ്രിൽ 18-ന് ന്യൂയോർക്കിൽ മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ  സ്വർണ്ണ ജൂബിലി ആഘോഷം നടക്കും.

അമേരിക്കൻ അതിഭദ്രാസനാധിപനും പാത്രിയാർക്കൽ വികാരിയുമായ യൽദോ മാർ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തിൽ   സിറിയൻ ഭദ്രാസനത്തി ന്റെ ഈസ്റ്റേൺ യുണൈറ്റഡ് സ്റ്റേറ്റ്സിനായുള്ള പാത്രിയാർക്കൽ വികാരിയായ  ആർച്ച്‌ബിഷപ്പ് മോർ ഡയോണീസിയസ് ജോൺ കവാക് തിരുമേനി , ക്നാനായ അതിഭദ്രാസനത്തി ലെ ആയൂബ് മാർ സിൽവാനോസും ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലകളിലെ പ്രമുഖരും വിശ്വാസികളും സാക്ഷികളാകും. അത് അച്ചന്റെ അൻപത് വർഷത്തെ സമർപ്പിത പരോഹിത്യ സേവനത്തിനുള്ള ആദരവും നന്ദിപ്രകടനവുമാകും.

അമ്പത് വർഷം ദൈവവിളിയോട് നിഷ്ഠയോടെ ജീവിച്ച ഈ പുരോഹിത ജീവിതം സേവനം മാത്രമല്ല, വിശ്വാസത്തിന്റെ സാക്ഷ്യമാണ്. സഭയോടും അന്ത്യോഖ്യാ സത്യവിശ്വാസത്തോടും അചഞ്ചലമായ വിശ്വസ്തത പുലർത്തിയ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പായുടെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് പ്രചോദനമാണ്.

ദൈവം അദ്ദേഹത്തിന് ആരോഗ്യവും സമാധാനവും കൂടുതൽ വർഷങ്ങളുടെ അനുഗ്രഹീത സേവനവും നല്കട്ടെ എന്നതാണ് വിശ്വാസികളുടെ പ്രാർത്ഥന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!