കോഴിക്കോട്: പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജുവിനെ (38) ബന്ധുവായ ദീപക് (21) കൊലപ്പെടുത്തിയത് വെറും 12 മിനിറ്റിനുള്ളിലെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ബിജുവിന്റെ വീടിന്റെ പരിസരത്തേക്ക് പ്രതിയായ ദീപക് സ്കൂട്ടറിൽ പോകുന്നതിന്റെയും മടങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. അച്ഛന്റെ സ്കൂട്ടറിലാണ് സ്വന്തമായി വാഹനമില്ലാത്ത ദീപക് കൊലപാതകത്തിനായി എത്തിയത്.
ഞായറാഴ്ച പുലർച്ചെ കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിന് പിന്നിലുള്ള ബിജുവിന്റെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് അമ്മ ബിജുവിനെ കണ്ടത്. ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകൾ ഉണ്ടായിരുന്നു. ഇതിൽ 18 കുത്തുകൾ കഴുത്തിൽ മാത്രമാണ്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ ടൗൺ എ.സി.പി കെ.വി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് 48 മണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കിയത്. കൊലപാതകത്തിന് ശേഷം ബിജുവിന്റെ മൊബൈൽ ഫോണും സ്കൂട്ടറിന്റെ താക്കോലും പ്രതി കൈക്കലാക്കിയിരുന്നു.
ദീപക്കിന്റെ വീട്ടിലെ തലയിണയ്ക്ക് അടിയിൽ നിന്നാണ് ബിജുവിന്റെ ഫോൺ പോലീസ് കണ്ടെടുത്തത്. ഫോണിൽ നിന്ന് ഊരിമാറ്റിയ സിം കാർഡ് പ്രതി പിന്നീട് തിരിച്ചിട്ടതാണ് സൈബർ പോലീസിന് ലൊക്കേഷൻ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. കൃത്യം നടത്തുമ്പോൾ ധരിച്ച രക്തം പുരണ്ട വസ്ത്രങ്ങൾ പ്രതി കത്തിച്ചുകളഞ്ഞിരുന്നു. ലഹരിക്ക് അടിമയായിരുന്ന പ്രതിയെ ചികിത്സയ്ക്കായി ലഹരിവിമുക്ത കേന്ദ്രത്തിലാക്കാൻ ബിജു മുൻകൈയെടുത്തിരുന്നു. ഇതിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിജുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ദീപക്കിന്റെ കൈവിരലുകളിൽ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ ബിജുവിന്റെ തല മതിലിൽ ഇടിക്കാൻ ശ്രമിച്ചപ്പോൾ കൈക്ക് പരിക്കേറ്റതാണെന്ന് ഇയാൾ സമ്മതിച്ചു. യൂട്യൂബിൽ ബോക്സിംഗ് മത്സരങ്ങൾ നിരന്തരം കാണാറുള്ള പ്രതിക്ക് മുൻപും നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയ ചരിത്രമുണ്ട്. ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
