കൊളംബോ : ടി20 ലോകകപ്പിലെ നാളത്തെ നിർണായക പോരാട്ടത്തിന് ടീം പൂർണ സജ്ജമായെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എതിരാളികളെ ഭയമില്ല,കളിക്കാർ അവരുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എതിരാളികളെ കുറിച്ച് ചിന്തിക്കാതെ കളി മെച്ചപ്പെടുത്തുന്നതിൽ ആണ് താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സൂര്യകുമാർ പറഞ്ഞു.
“ഞങ്ങൾ ഇതുവരെ എങ്ങനെയാണ് കളിച്ചുവരുന്നത് എന്ന് നിങ്ങൾക്ക് അറിയാം. അതു പോലെ തന്നെ തുടരണം എന്നാണ് ടീമിന്റെ ആഗ്രഹം. എതിരാളി എങ്ങനെ കളിക്കുന്നു എന്നതിൽ പ്രസക്തിയില്ല. മികച്ച രീതിയിൽ കളിക്കുന്ന ടീം വിജയിക്കും. അത് മാത്രമാണ് ഇപ്പോൾ പ്രധാനപ്പെട്ടത്”സൂര്യകുമാർ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഇപ്പോഴും ഒരു സ്പെഷ്യൽ മാച്ച് ആണ്. ഇന്ത്യ സ്ഥിരമായി അവരെ സ്ഥിരമായി നേരിടാറില്ല. അത് കൊണ്ട് സ്വാഭാവികമായും മനസ്സിൽ സമ്മർദ്ദം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ മിഡിൽ ഓർഡറിലെ താരങ്ങൾക്ക് സ്കോർ കണ്ടെത്താൻ കഴിയാത്തത് ഒരു പ്രശ്‌നമാണ്. അമേരിക്കയെയും നമീബിയയെയും നേരിടുമ്പോൾ പലപ്പോഴും അത് ടീമിനെ ബാധിച്ചിട്ടുണ്ട്. താരങ്ങൾക്ക് നിരവധി മത്സരങ്ങൾ കളിച്ച് പരിചയമുണ്ട്. അത് കൊണ്ട് വീഴ്ചകൾ വരുന്നത് അംഗീകരിക്കാൻ കഴിയില്ല. കൂടുതൽ മത്സരങ്ങളിലേക്ക് എത്തുമ്പോൾ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്നും സൂര്യകുമാർ വ്യക്തമാക്കി.
