ബോസ്നിയയുടെ കരുത്തിന് മുന്നിൽ കാനഡയ്ക്ക് സമനില; രക്ഷകനായത് ലാറിൻ

ടൊറന്റോ: ആതിഥേയരായ കാനഡയെ അവരുടെ സ്വന്തം മണ്ണിൽ വിയർക്കിച്ച് ബോസ്നിയ. ഗ്രൂപ്പ് ബി മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ജോവോ ലുക്കിച്ചിന്റെ ആദ്യപകുതി ഗോളിൽ ബോസ്നിയ ലീഡ് നേടിയപ്പോൾ, അവസാന നിമിഷങ്ങളിലെ കൈൽ ലാറിന്റെ മികവാണ് കാനഡയെ തോൽവിയിൽ നിന്ന് രക്ഷപ്പെടുത്തിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞ പോരാട്ടമാണ് കണ്ടത്. പിന്നീട് കാനഡ പന്തടക്കത്തിലും ആക്രമണത്തിലും മേൽക്കൈ നേടിയെങ്കിലും ബോസ്‌നിയയുടെ പ്രതിരോധ മതിൽ ഭേദിക്കാനായില്ല. ഇതിനിടെ 21-ാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്നാണ് ബോസ്നിയ മുന്നിലെത്തിയത്. സെഡ് കൊളാസിനാക്കിൻ്റെ ഹെഡർ പാസ് കൃത്യമായി വലയിലെത്തിച്ച ജോവോ ലുക്കിച്ച് ആതിഥേയർക്കു തിരിച്ചടി നൽകി.

ഒരു ഗോൾ പിന്നിലായതോടെ കാനഡ ആക്രമണം ശക്തമാക്കി. ജൊനാഥൻ ഡേവിഡ്, ടാനി ഒലുവസെയി, ബുക്കാനൻ എന്നിവർ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബോസ്‌നിയൻ പ്രതിരോധം പിഴച്ചില്ല. രണ്ടാം പകുതിയിൽ പലതവണ ഗോൾ വഴങ്ങുന്നതിൽ നിന്ന് ബോസ്നിയ ഭാഗ്യംകൊണ്ടും രക്ഷപ്പെട്ടു.

52-ാം മിനിറ്റിൽ ലാറിയയുടെ ശ്രമം ക്രോസ്ബാറിൽ തട്ടി മടങ്ങിയപ്പോൾ, 65-ാം മിനിറ്റിൽ ഒലുവസെയിയുടെ ഹെഡർ ഗോൾലൈനിൽ നിന്ന് നിക്കോള കാറ്റിച്ച് തടഞ്ഞു. കാനഡയുടെ സമ്മർദം കൂടിക്കൊണ്ടിരിക്കെ 75-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കൈൽ ലാറിൻ വെറും നാല് മിനിറ്റിനകം നിർണായക ഇടപെടൽ നടത്തി.

79-ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡിന്റെ മികച്ച അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച ലാറിൻ ബോക്സിനുള്ളിൽ നിന്ന് അടിച്ച ബോൾ വലയിലെത്തിച്ച് കാനഡയ്ക്ക് സമനില സമ്മാനിച്ചു. അവസാന മിനിറ്റുകളിൽ വിജയഗോളിനായി ആതിഥേയർ ശക്തമായി ശ്രമിച്ചെങ്കിലും ബോസ്നിയയുടെ പ്രതിരോധം വഴങ്ങിയില്ല.

ഇറ്റലിയെ അട്ടിമറിച്ച് ലോകകപ്പ് വേദിയിലെത്തിയ ബോസ്നിയ അവരുടെ പോരാട്ടവീര്യം വീണ്ടും തെളിയിച്ചപ്പോൾ, പരിക്കേറ്റ് പുറത്തിരുന്ന അൽഫോൺസോ ഡേവിസിന്റെ അഭാവം കാനഡയ്ക്ക് വ്യക്തമായി അനുഭവപ്പെട്ടു. ഒടുവിൽ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടാണ് കളംവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!