പാരിപ്പള്ളി : പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന പാരിപ്പള്ളി ഐഒസി ബോട്ലിങ് പ്ലാന്റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാറിന്റെ മരണപ്പാച്ചിൽ. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും പാചകവാതക ചോർച്ച സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്നലെ രാത്രി എട്ടരയോടെയാണ് അതീവസുരക്ഷ മേഖലയിൽ കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബോട്ലിങ് പ്ലാന്റിലേക്ക് പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിട്ടിരിക്കുമ്പോഴാണു കാർ അതിവേഗത്തിൽ ടാങ്കറുകൾക്ക് ഇടയിലേക്കു പാഞ്ഞുകയറിയത്.
അപകടസാധ്യത ഏറെയുള്ള മേഖലയിലേക്ക് കാർ അതിക്രമിച്ചു കയറിയത് പ്ലാന്റിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഗേറ്റിലും മറ്റും ഇടിച്ച പാഞ്ഞ കാർ ടാങ്കറുകളിലും ഇടിച്ചു. വാൽവുകളിൽ തട്ടാത്തതിനാൽ വാതകച്ചോർച്ച സംഭവിച്ചില്ല.സുരക്ഷാ ജീവനക്കാർ ഓടി എത്തിയെങ്കിലും കാറിന്റെ മരണപ്പാച്ചിൽ തടയാനായില്ല. അപകടത്തിൽ കാർ നിന്നതോടെ കാറിൽ ഉണ്ടായിരുന്നവരെ പിടികൂടുകയായിരുന്നു. പാരിപ്പള്ളി പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. പരവൂർ കലയ്ക്കോട് സ്വദേശികളാണു കാറിൽ ഉണ്ടായിരുന്നതെന്ന് പറയുന്നു.
15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണു യാഡിൽ ഉണ്ടായിരുന്നത്. 342 സിലിണ്ടർ വീതം 5 ലോറികളിൽ വിതരണം ചെയ്യാൻ കഴിയുന്ന പാചക വാതകം ഓരോ ബുള്ളറ്റ് ടാങ്കിലുമുണ്ടാകും. ബോട്ലിങ് പ്ലാന്റിലെ സംഭരണിയിലേക്ക് ശേഖരിക്കുന്നതിനുള്ള ഊഴം കാത്തു കിടക്കുന്ന ടാങ്കറുകളിലേക്കാണു കാർ ഇടിച്ചു കയറിയത്. വാതകച്ചോർച്ചയോ, പാചകവാതകം നിറച്ച ടാങ്കറിനു സമീപം ഉണ്ടാകുന്ന ചെറിയൊരു തീപ്പൊരിയോ പോലും വലിയ ദുരന്തത്തിന് വഴിവയ്ക്കാവുന്ന സാഹചര്യമായിരുന്നു.
എന്നാൽ ടാങ്കറുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. കാറിന് വലിയ തകരാറുകൾ സംഭവിച്ചു. വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് എൽപിജി എംപ്ലോയീസ് യൂണിയൻ– ഐഎൻടിയുസി പ്രസിഡന്റ് മൈലക്കാട് സുനിൽ ആവശ്യപ്പെട്ടു.
