ഹാവേരി: കോൺഗ്രസിന്റെ ദില്ലി സമരത്തിൽ പങ്കെടുക്കാതിരുന്ന കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി. മന്ത്രി പുത്രൻ ഉൾപ്പെടെ ആറ് നേതാക്കളെ സസ്പെൻഡ് ചെയ്തു.
ഹാവേരി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദർശൻ കുമാർ ലമാണി അടക്കമുള്ളവർക്കെതിരെയാണ് നടപടി. യൂത്ത് കോൺഗ്രസിന്റെ രണ്ട് ജില്ലാ സെക്രട്ടറിമാരും സസ്പെൻഷൻ നേരിട്ടവരിൽ ഉൾപ്പെടുന്നു. പരിപാടിയിൽ പങ്കെടുക്കാതിരുന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നതെന്നും അടുത്ത ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഷൻ തുടരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട ദർശൻ കുമാർ ലമാണി കർണാടകയിലെ ഷുഗർ, ടെക്സ്റ്റൈൽ വകുപ്പ് മന്ത്രി രുദ്രപ്പ ലമാണിയുടെ മകനാണ്. ഉത്തര കന്നഡ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യ സിർസിക്കർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ അസീസ്, സൂരജ് അവാതി, പവൻ സാലിയാൻ, അഭിഷേക് സി എന്നിവരാണ് നടപടി നേരിട്ട മറ്റ് നേതാക്കൾ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ നിർദേശപ്രകാരമാണ് സസ്പെൻഷൻ നടപടി.
നവംബർ ഒന്നിന് ദൽഹിയിൽ രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ സഖ്യ റാലിയിൽ പങ്കെടുക്കാതിരുന്ന വിവിധ സംസ്ഥാനങ്ങളിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെയും നേരത്തെ നടപടി സ്വീകരിച്ചിരുന്നു. മധ്യപ്രദേശിൽ അറുപതോളം യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് സസ്പെൻഡ് ചെയ്തത്.
ഗുജറാത്തിൽ 49 പേരും രാജസ്ഥാനിൽ 31 പേരും ഹിമാചൽ പ്രദേശിൽ 13 പേരും ഹരിയാനയിൽ പത്ത് പേരും നടപടിക്ക് വിധേയരായി. ദില്ലി റാലിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി തുടരുകയാണ്.
