കുമരകം : ശബരിമലയിൽ ശ്രീധർമ്മശാസ്താവ് തിരുവാഭരണം അണിയുമ്പോൾ കുമരകത്ത് തങ്ക അങ്കി ചാർത്തി മകരവിളക്ക് മഹോത്സവം നടക്കും.
കുമരകം മേജർ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലാണ് നാളെ മകരവിളക്ക് മഹോത്സവം നടക്കുക. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തങ്ക അങ്കിചാർത്തി ഭഗവാന് ദീപാരാധന നടത്തും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള രത്നങ്ങൾ പതിച്ച തങ്കത്തിൽ തീർത്ത അങ്കി തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കുമരകത്ത് എത്തിക്കും.
തിരുനക്കര ക്ഷേത്രത്തിൽ നിന്ന് നാളെ ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന തങ്ക അങ്കി ഘോഷയാത്ര കാരാപ്പുഴ, തിരുവതുക്കൽ, മാണിക്കുന്നം, ഇല്ലിക്കൽ വഴിയാണ് കുമാരകത്തേക്ക് എത്തുന്നത്. ഘോഷയാത്ര കടന്നു വരുന്ന വഴികളിൽ വിളക്ക് തെളിച്ചും പുഷ്‌പാലങ്കാരങ്ങൾ ചെയ്തും തങ്ക അങ്കിയെ ഭക്തജനങ്ങൾക്ക് സ്വീകരിക്കാൻ അവസരമുണ്ട്.
നാളെ പുലർച്ചെ 4.30 ന് നിർമ്മാല്യ ദർശനത്തോടെ മകരവിളക്ക് മഹോത്സവത്തിന്റെ ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിക്കും. രാജരാജേശ്വരി വനിതാസമാജം അയ്യപ്പ സഹസ്രനാമജപം നടത്തും. ക്ഷേത്രം മേൽശാന്തി സനന്ദൻ ശർമയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ പത്തിന് നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടക്കും. വൈകിട്ട് 6 ന് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. ഗജരാജൻ വേമ്പനാട് അനന്തപത്മനാഭൻ അയ്യപ്പസ്വാമിയുടെ തിടമ്പേറ്റും, ദീപാരാധനയെ തുടർന്ന് രാത്രി 10ന് വിളക്ക് എഴുന്നള്ളിപ്പ് , 11ന് ഹരിവരാസനം പാടി നട അടയ്ക്കും.
