കുമളി: തമിഴ്നാട്ടിലെ കമ്പം ചിന്നമന്നൂരിൽ പടക്കക്കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ദീപാവലി വിൽപ്പനയ്ക്കായി കടയിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് കത്തിനശിച്ചത്. കട അടയ്ക്കുന്ന സമയത്ത് കടയ്ക്കുള്ളിൽ സ്ഫോടനം ഉണ്ടാകുകയായിരുന്നു. പിന്നാലെ പടക്കങ്ങൾക്ക് തീപിടിച്ച് കട പൂർണമായും കത്തിനശിച്ചു.
സംഭവത്തിൽ ആളപായമില്ല. നാല് തൊഴിലാളികൾക്ക് നിസ്സാര പരുക്കേറ്റു. കടയ്ക്ക് സമീപം ഉണ്ടായിരുന്ന രണ്ട് പിക്കപ്പ് വാനുകളും സ്ഫോടനത്തിൽ തകർന്നു. ദീപാവലിയോടനുബന്ധിച്ച് വൻതോതിൽ പടക്കങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നതിനാൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്.
