മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നിലമ്പൂരിൽ മൂന്നുപേർക്കാണ് രോഗം കണ്ടെത്തിയത്. അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാലുവയസ്സുകാരിക്കും പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.
വയറിളക്കം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ 23 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരുടെ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ ഷിഗെല്ല ബാധ സ്ഥിരീകരിക്കാനാകൂ.
അതേസമയം, കോഴിക്കോട് മേപ്പയിൽ സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കും നേരത്തെ ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സ്കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക സംശയം. നിരവധി കുട്ടികൾ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
രോഗബാധയെ തുടർന്ന് സ്കൂളിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഭക്ഷണവും കുടിവെള്ളവും ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
