ദുബായ് : ഇന്ത്യക്കെതിരായ മത്സരത്തിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഹസ്തദാന വിവാദം ഉയര്‍ത്തി ഏഷ്യാകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്, (പിസിബി) തീരുമാനത്തില്‍നിന്നു പിന്‍വാങ്ങുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പില്‍നിന്നു പിന്മാറാനുള്ള സാധ്യത വളരെ കുറവാണെന്ന് പിസിബി വൃത്തം ദേശീയ മാധ്യമത്തോട് പറഞ്ഞു.
അതേസമയം യുഎഇക്കെതിരായ നിര്‍ണായക ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന പത്രസമ്മേളനം പാകിസ്ഥാന്‍ റദ്ദാക്കി. റദ്ദാക്കാനുള്ള കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സൂചന.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഐസിസി നിലപാട് വ്യക്തമായതോടെ ബഹിഷ്‌കരണ ഭീഷണിയില്‍ നിന്നും പിസിബി പിന്നാക്കം പോയിരുന്നു. ”ഞങ്ങള്‍ അങ്ങനെ ചെയ്താല്‍ ജയ് ഷായുടെ നേതൃത്വത്തിലുള്ള ഐസിസി, പിസിബിക്ക് ഉപരോധം ഏര്‍പ്പെടുത്തും. അതു ഞങ്ങളുടെ ബോര്‍ഡിന് താങ്ങാന്‍ കഴിയാത്ത കാര്യമാണ്. ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല. ചാംപ്യന്‍സ് ട്രോഫിയുടെ ഭാഗമായി എല്ലാ സ്റ്റേഡിയങ്ങളും നവീകരിച്ചിരുന്നു.” പിസിബിയിലെ ഉന്നതവൃത്തം പറഞ്ഞു. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാക്കിസ്ഥാനായിരുന്നു അതിഥേയത്വം വഹിച്ചിരുന്നത്.
