ശ്വേതാ മേനോനെതിരെ രമേശ് പിഷാരടി കോടതിയിൽ…

കൊച്ചി: ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ വിവാദം കൂടുതൽ രൂക്ഷമാകുന്നതിനിടെ, പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടൻ രമേശ് പിഷാരടി കോടതിയിൽ നിലപാട് വ്യക്തമാക്കി. തനിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും വ്യക്തിപരമായ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും എറണാകുളം മുൻസിഫ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിഷാരടി ആരോപിച്ചു. aപരാതിയിൽ തനിക്കെതിരെ നിയമപരമായി നിലനിൽക്കുന്ന കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്നും, അമ്മ സംഘടനയുടെ രേഖകളോ അധികാരമോ താൻ ഒരിക്കലും ഏറ്റെടുത്തിട്ടില്ലെന്നും പിഷാരടി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷസ്ഥാനം അടുത്ത ദിവസം തന്നെ ഒഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരണം നിയമവിരുദ്ധമാണെന്നാണ് പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട കേസിലാണ് രമേശ് പിഷാരടി തന്റെ നിലപാട് അറിയിച്ചത്. അഡ്ഹോക്ക് കമ്മിറ്റിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും അതിൽ നിന്ന് ഒഴിഞ്ഞുവെന്നുമാണ് കോടതിയെ അദ്ദേഹം ബോധിപ്പിച്ചത്. അതേസമയം, കേസിൽ കക്ഷിചേരാൻ നടി അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ, നടി ലക്ഷ്മിപ്രിയക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അൻസിബ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ലക്ഷ്മി പ്രിയക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും നീതിനിഷേധവുമാണെന്നാണ് അൻസിബയുടെ വാദം. ഇത് മാനനഷ്ടവുമായി ബന്ധപ്പെട്ട പരാതി അല്ലെന്നും, സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട പരാതിയാണെന്നും അൻസിബ വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷ്മിപ്രിയ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് അൻസിബ നേരത്തെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!