മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പും,
കേരള പി എസ് സി പരീക്ഷകളിലെ
ക്രമക്കേടുകളും പ്രതിഷേധങ്ങളും

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് ഒന്നൊന്നായി പുറത്തുവരുന്ന വൻ ക്രമക്കേടുകൾ നാളിതുവരെ ഉദ്യോഗാർത്ഥികളും പൊതുസമൂഹവും  വളരെയേറെ വിശ്വാസ്യതയോടെ കണ്ടിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ ഏത് തരത്തിലായിരുന്നുവെന്ന് വ്യക്തമാക്കപ്പെടുന്നതാണ്.  രാഷ്ട്രീയ താല്പര്യങ്ങൾ മുൻനിർത്തിയുള്ള അംഗങ്ങളുടെ നിയമനങ്ങളിൽ തുടങ്ങുന്നു പിഎസ്‌സി യുടെ അഴിമതിയും, കെടുകാര്യസ്ഥതയും. പിഎസ്‌സി റാങ്ക്  ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തിവരുന്ന സമരവും അതിനോടുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ഇരട്ടത്താപ്പ് സമീപനങ്ങളും കൂട്ടിവായിക്കപ്പെടേണ്ടതാണ്.

രൂക്ഷമായ നിയമന പ്രതിസന്ധി: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ ഗുരുതരമായ ക്രമക്കേടുകളും  പരീക്ഷാ തട്ടിപ്പുകളും റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒഴിവുകളും മൂലം സംസ്ഥാനം വലിയൊരു ഭരണപരമായ പ്രതിസന്ധിയാണ് നിലവിൽ നേരിടുന്നത്. സർക്കാർ ഓഫീസുകളിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ യഥാസമയം കൃത്യതയോടെ പരീക്ഷകൾ നടത്തി, നിയമനങ്ങൾ പൂർത്തിയാക്കുന്നതിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ(പിഎസ്‌സി) മിക്കപ്പോഴും പരാജയമാണ്. പിഎസ്‌സി തയാറാക്കുന്ന റാങ്ക് ലിസ്റ്റുകളിൽ ബഹുഭൂരിപക്ഷവും കാലാവധി അവസാനിച്ച് കാലഹരണപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിലൂടെ നൂറു കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങളാണ് കരിയുന്നത്. ഉദ്യോഗാർത്ഥികൾ ജീവിതം കരുപിടിപ്പിക്കുന്നതിനായി ഇതര സംസ്ഥാനങ്ങളെയും, വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്നതിൽ സഹതപിക്കുന്ന രഷ്ട്രീയ നേതൃത്വങ്ങളൊന്നും തന്നെ അവർക്ക് ഈ സംസ്ഥാനത്ത് സുരക്ഷിതമായ ഒരു ജീവനോപാദി സൃഷ്ടിച്ചു നൽകുന്നതിൽ തൽപ്പരരല്ല. തൊഴിലില്ലായ്മയും, തൊഴിൽരഹിതരും അവർക്കൊക്കെ വെറുമൊരു മുദ്രാവാക്യം മാത്രം.

ഉദ്യോഗാർത്ഥികളുടെ സംസ്ഥാനവ്യാപക പ്രതിഷേധം: കടുപ്പമേറിയ പരീക്ഷകൾ വിജയിച്ചിട്ടും നിയമന ഉത്തരവുകൾ ലഭിക്കാത്തതാണ് ഉദ്യോഗാർത്ഥികൾ നേരിടുന്ന മുഖ്യപ്രശ്‌നം. കൂടുതൽ ഒഴിവുകളുള്ള പോലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, എൽ ഡി സി പോസ്റ്റുകളിൽ പോലും റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കി നാമമാത്രമായ നിയമനങ്ങൾ നടത്തി ലിസ്റ്റ് അവസാനിപ്പിക്കുന്ന കാലങ്ങളായുള്ള നടപടികളാണ് ഇപ്പോഴും തുടരുന്നത്, തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ സമരം അനന്തമായി തുടരുകയാണ്. സർക്കാരിന്റെ യാതൊരു കരുണാകടാക്ഷവും അവരോട് ഉണ്ടാകുന്നില്ല. സർക്കാർ ഉദ്യോഗങ്ങൾക്കു വേണ്ടി റാങ്ക് ലിസ്റ്റ് തയാറാക്കി നൽകുന്ന പിഎസ്‌സി യും ഉത്തരവാദത്വം നിർവഹിക്കുന്നില്ല. കോഴിക്കോട്, കൊച്ചി, കൊല്ലം, പാലക്കാട് തുടങ്ങിയ ജില്ലകളിലും പിഎസ്സി റാങ്ക് പട്ടികയിലുള്ളവർ ദീർഘകാലമായി പ്രതിഷേധം തുടരുകയാണ്.

തട്ടിപ്പുകൾ തുടരുന്നു: മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന നിയമന പ്രശ്‌നങ്ങൾ, പരീക്ഷാ തട്ടിപ്പുകൾ, ചോദ്യപേപ്പർ ചോർച്ച, പിൻവാതിൽ നിയമനങ്ങൾ എന്നിവ നിലവിലെ സർക്കാരിന്റെ കാലത്തും തുടരുകയാണ്. ഇവയിലെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ആഭ്യന്തര വിജിലൻസ് അന്വേഷണങ്ങളിൽപ്പോലും ഇവ ചൂണ്ടിക്കാണിക്കപ്പെടുന്നു. ചുരുക്കത്തിൽ പിഎസ്‌സി അടിമുടി ഉടച്ചുവാർത്ത വിശ്വാസ്യത വീണ്ടെടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

മൂല്യനിർണ്ണയം നടത്താത്ത ഉത്തരക്കടലാസുകൾ: സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിൽ ഗുരുതരമായ മൂല്യനിർണ്ണയ പിഴവാണ് സംഭവിച്ചത്. പിഎസ്സി പരീക്ഷകളിലെ വിവരണാത്മക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്തുന്നവർ പരിശോധിക്കാതെ വിട്ടുകളയുകയും, അതുവഴി അർഹരായ ഉദ്യോഗാർത്ഥികളെ തെറ്റായി അയോഗ്യരാക്കുകയും ചെയ്തു. ഇതിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന ഗുരുതരമായ കണ്ടെത്തലുകളോടെയുള്ള വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ട് വന്നുകഴിഞ്ഞു.  സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും, മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്ന പരാമർശങ്ങളും റിപ്പോർട്ടിലുണ്ട്. പരീക്ഷാ നടത്തിപ്പിൽ പിഎസ്‌സി യിൽ നടന്നുവരുന്ന ഗുരുതരമായ കൃത്യവിലോപം എത്രത്തോളം ആഴമേറിയതാണെന്ന് അടിവരയിടുന്നതു കൂടിയാണ് വിജിലൻസ് ഇടക്കാല റിപ്പോർട്ട്.

പകർത്തിയെഴുത്തും ചോദ്യപേപ്പർ ചോർച്ചയും: നാടൊട്ടുക്കുള്ള പിഎസ്‌സി സ്വകാര്യ കോച്ചിംഗ് സെന്ററുകളിലെ പഠന സാമഗ്രികളിൽ നിന്ന് ചോദ്യങ്ങൾ നേരിട്ട് പകർത്തിയെഴുതി ചോദ്യാവലി തയ്യാറാക്കുന്നതും, ഉത്തര സൂചികകൾ ചോർന്നതും, പരീക്ഷാ കേന്ദ്രങ്ങളുടെ സുരക്ഷാ വീഴ്ചകളും കാരണം പരീക്ഷയുടെ നിലവാരം മൊത്തത്തിൽ ഇടിഞ്ഞു. ഇത് ഉദ്യോഗാർത്ഥികൾക്ക് പിഎസ്‌സി യിലുള്ള വിശ്വാസ്യതയിലും മങ്ങലേൽപ്പിച്ചു.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ: ഉന്നത റാങ്കുകൾ നേടുന്നതിനായി സ്മാർട്ട് വാച്ചുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, പുറത്തുനിന്നുള്ള സഹായം എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ (ഉദാഹരണത്തിന് യൂണിവേഴ്‌സിറ്റി കോളേജ് സംഭവം) തുടർക്കഥയാകുന്നു. ഇതിനെ കൃത്യമായ നിലയിൽ പ്രതിരോധിക്കുവാനുള്ള കർമ്മപദ്ധതികൾ ആവിഷ്‌ക്കരിക്കുവാനോ പ്രാബല്യത്തിലാക്കുവാനോ പിഎസസി ക്ക് ഇനിയുമായിട്ടില്ല.

സ്ഥിരമായ ഒഴിവുകൾ മറച്ചുവെക്കൽ: പിൻവാതിൽ നിയമനങ്ങളിലൂടെ താൽക്കാലികമായോ കരാർ അടിസ്ഥാനത്തിലോ ആളുകളെ നിയമിക്കുന്നതിനായി, കേരളത്തിലെ വിവിധ സർക്കാർ വകുപ്പ് മേധാവികൾ സ്ഥിരമായ ഒഴിവുകൾ പി.എസ്.സി.യെ അറിയിക്കാതെ മനഃപൂർവ്വം മറച്ചുവെക്കുന്നു. തൊഴിലില്ലായ്മയുടെ പേരിൽ കണ്ണീരൊലിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ തങ്ങളുടെ അണികളെ യഥേഷ്ടം പ്രതിഷ്ഠിക്കുന്നതിനായി താൽക്കാലിക/കരാർ ജോലികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് ഇത്തരം നിയമനങ്ങൾ വ്യാപകമായി നടന്നു. അവയിൽ ചില വകുപ്പുകളിൽ ഇക്കൂട്ടരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും നടന്നു.

നിയമനം നടക്കാതെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നു: ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വകുപ്പുകൾ വരുത്തുന്ന കാലതാമസം കാരണം, യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ഇടയാകുന്നു. ഇത് നിരവധി ഉദ്യോഗാർത്ഥികളുടെ ജീവിത സാഹചര്യത്തെയാണ് താളം തെറ്റിക്കുന്നത്. റാങ്ക് ലിസ്റ്റിലിടം നേടി ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടു പോകുന്നത് മാനസികമായി തന്നെ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. ഈ സമയം പല ഉദ്യോഗാർത്ഥികൾക്കും സർക്കാർ ജോലി ലഭിക്കാനുള്ള പ്രായപരിധി കടന്നുപോകുന്ന അവസ്ഥയും സംജാതമാകുന്നു.

പരസ്യമായി തലമുണ്ഡനം ചെയ്യൽ: തൊഴിൽസാധ്യത നഷ്ടപ്പെട്ടതിലുള്ള നിരാശ പ്രകടിപ്പിക്കാനായി ഉദ്യോഗാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ, പുരുഷന്മാരും സ്ത്രീകളുമായ ഉദ്യോഗാർത്ഥികൾ മാധ്യമ ക്യാമറകൾക്ക് മുന്നിൽ പരസ്യമായി തലമുണ്ഡനം ചെയ്യുകയും മുടി മുറിക്കുകയും ചെയ്ത സംഭവങ്ങൾക്കും കേരളം സാക്ഷ്യം വഹിക്കേണ്ടതായി വന്നിട്ടുണ്ട്. സെക്രട്ടറിയേറ്റ് നടയിൽ എത്രയോ യുവജനങ്ങൾ ശയന പ്രദക്ഷിണം ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും മോഹന വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയവരുടെ കാതുകളിലെത്തുകയോ, പരിഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല.

ചൂടുള്ള റോഡുകളിലൂടെ ഇഴഞ്ഞുനീങ്ങൽ : അധികൃതർ അവഗണിച്ചതിനെത്തുടർന്ന്, യുവതികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ സർക്കാർ ഓഫീസുകൾക്ക് മുന്നിലെ ചൂടുള്ള ടാറിട്ട റോഡുകളിലൂടെ മുട്ടുകുത്തി ഇഴഞ്ഞുനീങ്ങുന്ന നിരവധി പ്രതിഷേധങ്ങളും നടക്കുകയുണ്ടായി.
പ്രതീകാത്മക ശവമഞ്ചം വഹിക്കലും ഭിക്ഷാടനവും: ‘യോഗ്യതയുടെ മരണം’ സൂചിപ്പിക്കാനായി ‘പിഎസ്‌സി’ എന്ന് എഴുതിയ ശവമഞ്ചങ്ങളുമായി സംസ്ഥാനത്തുടനീളം ഉദ്യോഗാർത്ഥികൾ പ്രകടനം നടത്തി. കൂടാതെ, തങ്ങളുടെ സാമ്പത്തിക ദുരിതം വെളിപ്പെടുത്താനായി ഭിക്ഷാടന പാത്രങ്ങളുമായി നഗരവീഥികളിലൂടെ നടക്കുകയും ചെയ്തു. എന്നിട്ടും അധികാര കേന്ദ്രങ്ങളുടെ കണ്ണു തുറന്നില്ല.

കടുത്ത പോലീസ് നടപടി: അർഹതപ്പെട്ട ജോലിക്കു വേണ്ടി പ്രതിഷേധവുമായി എത്തുന്നവരോട് ചർച്ച നടത്തുന്നതിന് പകരം, സമാധാനപരമായ വിദ്യാർത്ഥി-യുവജന റാലികൾക്കെതിരെ വൻ പോലീസ് സന്നാഹത്തെയും ഇരുമ്പ് ബാരിക്കേഡുകളെയും ജലപീരങ്കികളെയും ആണ് സർക്കാർ ഉപയോഗിച്ചത്. പലപ്പോഴും ജലപീരങ്കികളിൽ ഉപയോഗിക്കപ്പെടുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിൽ പോലും സംശയങ്ങളും ഉയരാറുണ്ട്. അടുത്തകാലത്ത് സെക്രട്ടറിയേറ്റിന് മുമ്പിൽ നടന്ന ഒരു സമരത്തിനുനേരെ ജലപീരങ്കി ഉപയോഗിച്ച് ചെളിവെള്ളം ചീറ്റിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തു.

ചർച്ചയ്ക്ക് വിസമ്മതിക്കുന്ന സർക്കാർ: സെക്രട്ടേറിയറ്റിന് തൊട്ടുമുന്നിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളെ അവഗണിച്ചുകൊണ്ട്, അവരുടെ പ്രതിനിധികളെ കാണാനോ പരിഹാരമാർഗ്ഗങ്ങൾ ചർച്ച ചെയ്യാനോ മുഖ്യമന്ത്രിയും മന്ത്രിസഭയും ആവർത്തിച്ച് വിസമ്മതിച്ചു. മുൻ ഇടത് സർക്കാരിന്റെ കാലത്തെ അതേ നയങ്ങളാണ് ഇക്കാര്യത്തിൽ നിലവിലെ സർക്കാരും പിന്തുടരുന്നത്.

മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ്: പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കാൻ ന്യൂഡൽഹിയിലേക്ക് പോയ മുഖ്യമന്ത്രി വി.ഡി. സതീശൻ, തിരുവനന്തപുരത്ത് തന്റെ ഓഫീസിന് തൊട്ടുമുന്നിൽ തെരുവിൽ സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാർത്ഥികളെ കാണാൻ വിസമ്മതിക്കുന്നത് വ്യക്തമായ ഇരട്ടത്താപ്പാണ്. 

പ്രധാന ആവശ്യങ്ങൾ: പി.എസ്.സി. പരീക്ഷാ നടത്തിപ്പിലുണ്ടായ എല്ലാ വീഴ്ചകളെക്കുറിച്ചും ഉന്നതതല ജുഡീഷ്യൽ അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ ഉടൻ നടത്തുക, റിപ്പോർട്ട് ചെയ്യാതെ മാറ്റിവെച്ചിരിക്കുന്ന എല്ലാ വകുപ്പുതല ഒഴിവുകളും കൃത്യമായ സമയപരിധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുക, പിൻവാതിൽ നിയമനത്തിലൂടെ എത്തിയ കരാർ ജീവനക്കാരെ ഉടൻ പിരിച്ചുവിടുക, കാലാവധി അവസാനിക്കാറായതോ ബാധിക്കപ്പെട്ടതോ ആയ നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഔദ്യോഗികമായി നീട്ടുക എന്നിവയാണ് സമരക്കാർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!