സൈനിക തലപ്പത്ത് വൻ അഴിച്ചുപണി; മെക്സിക്കൻ അതിർത്തിക്കും പൂട്ടിട്ട് ട്രംപ്

വാഷിങ്ടൺ : യുഎസ് സൈനിക തലപ്പത്ത് വൻ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായിരുന്ന വ്യോമസേനാ ജനറൽ സി ക്യു ബ്രൗണിനെ അദ്ദേഹം വെള്ളിയാഴ്ച പുറത്താക്കി. ബ്രൗണിന്‍റെ നാലുവർഷത്തെ കാലാവധിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണ് നടപടി. അഡ്മിറൽമാരും ജനറൽമാരുമായ മറ്റ് അഞ്ചു പേരെക്കൂടി മാറ്റി.

മുൻ ലഫ് ജനറൽ ഡാൻ റേസിൻ കെയ്നിനെയാണ് ബ്രൗണിന്റെ പിൻഗാമിയായി ട്രംപ് കണ്ടുവെച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നതപദവിയിൽ നിയമിക്കുന്നത് ആദ്യമായാണ്. നാവികസേനാ മേധാവി അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും പ്രസിഡന്റ് നീക്കുമെന്ന് പെന്റഗൺ അറിയിച്ചു.

നാവികസേനാ മേധാവിയുടെ പദവിയിലെത്തിയ ആദ്യ വനിതയാണ് അഡ്മിറൽ ഫ്രാഞ്ചെറ്റി. കര, നാവിക, വ്യോമസേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽമാരെയും മാറ്റും. സൈന്യത്തിലെ നീതിന്യായനിർവഹണത്തിന്റെ ചുമതലയുള്ളവരാണിവർ. ബ്രൗൺ ഉൾപ്പെടെയുള്ളവരെ പുറത്താക്കുന്നതിന് കാരണമൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അതേസമയം മെക്സിക്കൻ അതിർത്തിയും ട്രംപ് അടച്ചു.

അതിർത്തി സുരക്ഷ, വ്യാപാര വിഷയങ്ങളിൽ മെക്സിക്കൻ പ്രസിഡന്‍റ് ക്ലോഡിയ ഷെയ്ൻബോമുമായി കരാർ ഒപ്പിട്ടതിനു ആഴ്ചകൾക്കുള്ളിലാണ് അതിർത്തി അടച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചത്. അതിർത്തിയിൽ 10,000 സൈനികരെക്കൂടി അധികമായി വിന്യസിക്കുമെന്നും ട്രംപ് തന്‍റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!