പത്തനംതിട്ട : സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
പിണറായി വിജയന് പ്രായപരിധി ഇളവ് നൽകിയത് മുഖ്യമന്ത്രിയാകാൻ മാത്രമാണെന്നും തോറ്റ ശേഷം പ്രതിപക്ഷനേതാവ് ആക്കാനല്ലെന്നുമാണ് വിമർശനം. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അന്യമായിരുന്നു. പാർട്ടിക്കാർക്ക് ഒരു വിലയും ഇല്ലായിരുന്നു. മുഖ്യമന്ത്രിക്ക് താല്പര്യമുള്ളവരെ മാത്രം ബോർഡ് കോർപ്പറേഷനുകളിൽ നിയമിച്ചു. പിണറായിയുടെയും മന്ത്രിമാരുടെയും ശൈലി തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും യോഗത്തിൽ നേതാക്കൾ അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കടുത്ത വിമർശനമുയർന്നു. എം വി ഗോവിന്ദൻ സംരക്ഷിച്ചത് ഭാര്യയെയാണെന്നും പാർട്ടിയെയല്ലെന്നും നേതാക്കൾ പറഞ്ഞു. കണ്ണൂരിലെ പാർട്ടി ഉൾപ്പെടെ പ്രതിസന്ധി ഉണ്ടായപ്പോൾ എംവി ഗോവിന്ദൻ പിന്തുണച്ചത് ഭാര്യയെ മാത്രമാണെന്നും സംഘടന പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നും യോഗത്തിൽ വിമർശിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. നാളെ ജില്ലാ കമ്മിറ്റി ചേരും.
