പാമ്പാടി വില്ലേജ് ഓഫീസിൽ ചുമതലക്കാരനില്ല, അപേക്ഷകർ വലയുന്നു

കോട്ടയം: പാമ്പാടി വില്ലേജ് ഓഫീസിന് ചുമതലക്കാരില്ല. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നവർ വലയുന്നു ഓൺലൈൻ ആയി നൽകപ്പെടുന്ന അപേക്ഷകളിൽ ആഴ്ചകളായിട്ടും തീർപ്പുണ്ടാകാത്തതാണ് ജനങ്ങളെ ഏറെ വിഷമത്തിലാക്കുന്നത്.

അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയി നൽകപ്പെടുന്ന അപേക്ഷകളിൽ പരമാവധി 3-4 ദിവസത്തിനുള്ളിൽ നടപടികൾ ഉണ്ടാകേണ്ടതാണ്. ആളില്ലാത്ത സാഹചര്യം ഉണ്ടായാൽ പരമാവധിഏഴ് ദിവസം വരെയാകും. എന്നാൽ പാമ്പാടി വില്ലേജിൽ രണ്ടാഴ്ചയായിട്ടും പല അപേക്ഷകളിലും തീർപ്പുണ്ടാകാതെ മുടങ്ങിയിരിക്കുകയാണ്.

അപേക്ഷകളെ സംബന്ധിച്ച വിവരങ്ങൾ തേടിയെത്തുന്നവർക്ക് മുമ്പിൽ വില്ലേജ് ഓഫീസർ രണ്ട് മാസത്തെ ട്രെയിനിങ്ങിന് പോയിരിക്കുകയാണ്, പകരം ചുമതലയുള്ള ഓഫീസർ എത്തിയാലേ നടപടി ഉണ്ടാകൂ എന്നാണ് ജീവനക്കാർ പറയുന്നത്.
പകരം ചാർജ് നൽകിയിരിക്കുന്ന വില്ലേജ് ഓഫീസറന്മാരാകട്ടെ എല്ലാ ദിവസവും ഇവിടെ എത്താറുമില്ല.

മീനടം, കൂരോപ്പട വില്ലേജ് ഓഫീസർമാർക്കാണ് പാമ്പാടിയുടെ ചുമതല കൈമാറിയിട്ടുള്ളത്. ഇവർക്കാണെങ്കിൽ അതാത് വില്ലേജ് ഓഫീസുകളിലെ ജോലി കഴിഞ്ഞ് പാമ്പാടിയിലെത്തി അപേക്ഷകളിൽ തീർപ്പുണ്ടാക്കാൻ മിക്കപ്പോഴും കഴിയാറുമില്ല. ഇതുമൂലം നിരവധി അപേക്ഷകളാണ് നിശ്ചിത സമയം കഴിഞ്ഞും കെട്ടിക്കിടക്കുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടത് കോട്ടയം താലൂക്ക് ഓഫീസിൽ നിന്നുമാണ്. അവരാകട്ടെ ജനങ്ങളുടെ ഈ ദുരിതം കണ്ടമട്ടുമില്ല.

പ്രധാന ഉദ്യോഗസ്ഥൻ അവധിയിൽ  പോയാൽ താലൂക്ക് ഓഫീസുകളിൽ നിന്നും താത്ക്കാലിക ചുമതല നൽകി ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാറുണ്ട്. ഇവിടെ അതും ഉണ്ടായിട്ടില്ല. ലഭിക്കുന്ന അപേക്ഷകളിൽ തുടർ നടപടികളോ അന്വേഷണങ്ങളോ വേണമെങ്കിൽ വില്ലേജ് ഓഫീസർ അതിന്മേൽ നിർദ്ദേശിക്കണം. ജീവനക്കാർക്ക് സ്വയം ചെയ്യാൻ കഴിയില്ല. നടപടികൾ പൂർത്തിയാക്കി വില്ലേജ് ഓഫീസറുടെ മുമ്പിലെത്തിക്കേണ്ട അപേക്ഷകൾ പരിശോധിച്ച് വച്ചാലും ഡിജിറ്റൽ ഒപ്പ് നൽകി സർട്ടിഫിക്കേറ്റുകൾ അപേക്ഷകന് ലഭിക്കണമെങ്കിൽ വില്ലേജ് ഓഫീസർ തന്നെ ഉണ്ടാകണം.

വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മറ്റുമുള്ള വരുമാന സർട്ടിഫിക്കേറ്റ്, ലോണുകൾക്ക് ആവശ്യമായ ലൊക്കേഷൻ മാപ്പുകൾ, ബാധ്യതാ സർട്ടിക്കേറ്റുകൾ തുടങ്ങിയ നിരവധി അപേക്ഷകളാണ് പാമ്പാടി വില്ലേജിൽ പെന്റിങ്ങിലായിരിക്കുന്നത്. സമയബന്ധിതമായി ലഭിക്കേണ്ട അപേക്ഷകൾ പോലും വില്ലേജ് ഓഫീസറില്ല എന്ന ഒറ്റക്കാരണത്താൽ ലഭിക്കാതെ പോകുന്ന സാചര്യമാണ് നിലവിലുള്ളത്. ഇവിടെ അടിയന്തിരമായി പകരം വില്ലേജ് ഓഫീസറെ നിയമിക്കുന്നതിന് ജില്ലാ കളക്ടർ ഇടപെടണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!