മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ ഭിന്നതയും പ്രതിസന്ധിയും വീണ്ടും രൂക്ഷമാകുന്നു…

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ ഭിന്നതയും പ്രതിസന്ധിയും വീണ്ടും രൂക്ഷമാകുന്നു. ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള നിലവിലെ ഭരണസമിതി അംഗങ്ങൾ ഔദ്യോഗികമായി രാജി സമർപ്പിച്ചിട്ടില്ലെന്ന വിവരങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഇതോടെ, സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ചും വലിയ രീതിയിലുള്ള തർക്കങ്ങൾ ഉയർന്നു കഴിഞ്ഞു.

ഇതിനിടെ, കൊച്ചിയിലെ അമ്മ ഓഫീസിൽ രമേശ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്‌ഹോക്ക് കമ്മിറ്റി അടിയന്തര യോഗം ചേരുകയാണ്. മുൻ ഭാരവാഹികളിൽ ചിലരും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേതാ മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. തുടർന്ന് ഭരണസമിതിയിലെ 17 പേരും രാജിവെക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതെല്ലാം കേവലം വൈകാരികമായ പ്രതികരണങ്ങൾ മാത്രമായിരുന്നെന്നും സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക രാജി നടപടികൾ ഇവർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് പുറത്തുവരുന്ന സൂചനകൾ.

നിലവിലുള്ള ഭരണസമിതി കൃത്യമായി രാജിവെച്ചൊഴിയാത്ത സാഹചര്യത്തിൽ, പുതിയൊരു അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചത് സംഘടനയുടെ ബൈലോയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

സംഘടനയെ താല്ക്കാലികമായി നയിക്കാൻ നിലവിൽ ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുള്ളത്. കെ. ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന, രമേശ് പിഷാരടി എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.

സംഘടനയ്ക്കുള്ളിലെ സാമ്പത്തിക ക്രമക്കേടുകളെ ചൊല്ലിയുള്ള കടുത്ത ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനം. എന്നാൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നതായാണ് ശ്വേതയുടെ ആരോപണം.

ആരുടേയും പാവയാകാതിരിക്കാനാണ് താൻ പദവി ഒഴിഞ്ഞതെന്നും, ‘അമ്മ’ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി തുടങ്ങിയവരെ മുന്നിൽ നിർത്തി തനിക്കെതിരെ ദുഷ്പ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും ചിലർ ഉന്നയിച്ചതായും ശ്വേത വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷ പിന്തുണയോടെയാണ് താൻ ജയിച്ചുകയറിയത്. നിർഭാഗ്യവശാൽ മുൻ കമ്മിറ്റി അംഗങ്ങൾ നടത്തിയ തെറ്റായ കാര്യങ്ങൾ അന്വേഷിക്കാനുള്ള അവസരം തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ചില നിക്ഷിപ്ത താല്പര്യക്കാർ ഉറപ്പാക്കിയെന്നും ശ്വേത മുൻപ് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!