കണ്ണൂര്‍: പാര്‍ട്ടി കോട്ടയായ തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. കീഴാറ്റൂര്‍ ബ്രാഞ്ച് സെക്രട്ടറി കെപി പ്രകാശന്‍, കൂവേരി ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറം എന്നിവര്‍ക്കെതിരെയാണ് നടപടി.
തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഭാര്യയുമായ പി കെശ്യാമള നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദനോടായിരുന്നു തോല്‍വിയേറ്റത്. പാര്‍ട്ടികോട്ടയായ ആന്തൂര്‍ നഗരസഭയില്‍ ഉള്‍പ്പെടെ സിപിഎം തോറ്റതിന് കാരണക്കാരന്‍ സിറ്റിങ് എംഎല്‍എ കൂടിയായ എംവി ഗോവിന്ദനാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതാക്കളായ ഇരുവരും ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചത്.
കെപി പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റുകയും ഷൈജു ചാലപ്പുറത്തെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തളിപറമ്പിലും പയ്യന്നൂരും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിന് പിന്നില്‍ സിപിഎം വിഭാഗീയതയാണെന്ന് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോക്കല്‍, ഏരിയാ നേതാക്കള്‍ വരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. തളിപ്പറമ്പിലെ കീഴാറ്റൂര്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലൊന്നായ പ്രദേശമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പികെ ശ്യാമളയ്ക്ക് കീഴാറ്റൂരിലും ആന്തൂരിലും മലപട്ടത്തും മൊറാഴയിലും വോട്ട് ഗണ്യമായി കുറഞ്ഞിരുന്നു.
