ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഡിആർ കോംഗോയ്ക്കെതിരെ ഇരട്ട ഗോൾ നേടി ഇംഗ്ലണ്ടിനു 2-1ന്റെ ത്രില്ലർ ജയം സമ്മാനിച്ച ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരപൂർവ റെക്കോർഡ് പട്ടികയിൽ രണ്ടാമനായി തന്റെ പേരെഴുതി ചേർത്തു. ഫിഫ ലോകകപ്പിലും യൂറോ കപ്പിലുമായി ആകെ 20 അതിലധികം ഗോളുകൾ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം കളിക്കാരനായി ഹാരി കെയ്ൻ മാറി.
നിലവിൽ രണ്ട് ടൂർണമെന്റുകളിലുമായി അദ്ദേഹത്തിന് 20 ഗോളുകളുണ്ട് (ലോകകപ്പിൽ 13, യൂറോ കപ്പിൽ 7). 24 ഗോളുകൾ നേടിയ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് (ലോകകപ്പിൽ 10, യൂറോ കപ്പിൽ 14) ഇനി കെയ്നിന് മുൻപ് നേട്ടം ആദ്യമായി സ്വന്തമാക്കിയ താരം.
നോക്കൗട്ടിലെ രാജാവ്
യൂറോ 2020ന് ശേഷം പ്രധാന ടൂർണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം ഹാരി കെയ്നാണ്. 10 നോക്കൗട്ട് ഗോളുകളാണ് കെയ്നിന്റെ സമ്പാദ്യം. 7 ഗോളുകളുമായി ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയാണ് തൊട്ടുപിന്നിൽ. ഡാനി ഓൽമോ, കാസ്‌പർ ഡോൾബെർഗ്, ഗോൺസാലോ റാമോസ് എന്നിവർക്ക് 3 ഗോളുകൾ വീതമുണ്ട്.
ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി കെയ്ൻ മാറി (5 ഗോളുകൾ). 4 ഗോളുകൾ നേടിയ ജോഫ് ഹർസ്റ്റിനെയാണ് താരം മറികടന്നത്. 6 ഗോളുകളുള്ള ഗാരി ലീനേക്കർ മാത്രമാണ് ഇനി മുന്നിലുള്ളത്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് നേരത്തെ കെയ്ൻ സ്വന്തമാക്കിയിരുന്നു. ഇതിഹാസ താരം ഗാരി ലീനേക്കറെയാണ് (10 ഗോളുകൾ) കെയ്ൻ (13 ഗോളുകൾ) പിന്നിലാക്കിയത്.
