കണ്ണൂർ : നിലമ്പൂർ എംഎൽഎ പി വി അൻവറിന് നിശിതമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി. ദ ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ചുവന്ന പരാമർശം അൻവർ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കിയിരുന്നു. വർഗീയ ശക്തികളുടെ നാക്ക് വാടകയ്ക്കെടുത്തവരെന്നാണ് അൻവറിനെയടക്കമുള്ളവരെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
സിപിഐഎമ്മിന് അതിന്റേതായ സംഘടനാ രീതിയുണ്ട്. ആ ചട്ടക്കൂടിൽ ഒതുങ്ങി നിന്നാണ് പ്രവർത്തിച്ച് പോകുന്നത്. ചില പ്രത്യേക ബോധോദയത്തിന്റെ പേരിൽ വഴിയിൽ നിന്ന് വായിൽ തോന്നിയത് വിളിച്ച് കൂവിയാൽ അതിന്റെ ഭാഗമായി തീരുമാനങ്ങൾ എടുത്ത് പോകുന്ന പാർട്ടിയല്ല സിപിഐഎം.
പാർട്ടിക്ക് നിയതമായ രീതികളുണ്ട്. ആ പാർട്ടിയെ തെറ്റിലേക്ക് വലിച്ചിഴച്ച് കളയാമെന്ന് ആരും തെറ്റിദ്ധരിക്കണ്ട. മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടങ്കിൽ ആ രീതിയിൽ നോക്കുന്നതാണ് നല്ലത്.