രാജക്കാട് : ഇടുക്കി ജില്ലാ കളക്ടറും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചുള്ള പ്രവര്‍ത്തനം നടത്തിയ ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ഹൈറേഞ്ചിലെ കയ്യേറ്റ ഭൂമി സംബന്ധിച്ച് ഹൈക്കോടതി നേരത്തെ ചില വിധികള്‍ പുറപ്പെടുവിച്ചിരുന്നു. ചിന്നക്കനാല്‍ പഞ്ചായത്തിലുള്‍പ്പെടെയുള്ള 57 അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതായിരുന്നു അതിലൊന്ന്. അതനുസരിച്ച് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യു വകുപ്പ് ഈ കെട്ടിടങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതെല്ലാം മറികടന്ന് ചിന്നക്കനാല്‍ പഞ്ചായത്തിലെ ഏഴ് കെട്ടിടങ്ങള്‍ക്ക് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍ നിയമവിരുദ്ധമായി പെര്‍മിറ്റ് നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നേരിട്ട് ഹാജരാകാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയും സെക്രട്ടറി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയുമാണുണ്ടായത്.
