കൊച്ചി : എൻജിനടക്കം രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാൻ അനുവദിക്കരുതെന്ന് ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
സർക്കാർ മുദ്രവെച്ച വാഹനങ്ങള്‍ ഉപയോഗിക്കാൻ ചീഫ് സെക്രട്ടറിക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കവേയായിരുന്നു ഇത്.
വയനാട് പനമരത്ത് ക്രമിനല്‍ കേസുകളിലെ പ്രതി ആകാശ് തില്ലങ്കേരി, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സഞ്ചരിച്ച പശ്ചാത്തലത്തിലായിരുന്നു പരാമർശം. എൻജിനോ സസ്പെഷനോ രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അത്തരം വാഹനങ്ങള്‍ പിടിച്ചെടുത്ത് ആക്രിയാക്കണമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
ഇവ ഉടമയ്ക്ക് വിട്ടുനല്‍കരുത്. വാഹനത്തില്‍ രൂപമാറ്റം വരുത്തുന്നതിനും അത്തരം വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതിനുമെതിരേ ഹൈക്കോടതി കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
വാഹനത്തില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കുകയും അതുമായി നിരത്തിലിറങ്ങുന്നതിന്റെയും വീഡിയോ ചിത്രീകരിച്ച യുട്യൂബർ സഞ്ജു ടെക്കിക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ഇയാള്‍ക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വാഹനങ്ങള്‍ വലിയ തോതില്‍ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന നിയമം 190 (2) വകുപ്പുപ്രകാരം സസ്പെൻഡ് ചെയ്യുകയും ഉടമകള്‍ക്ക് 5000 രൂപ പിഴ ചുമത്തുകയും വേണം. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ആർ.സി. സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ വേണം.
ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത്, അധികാരപരിധിയിലുള്ള മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി തുടർനടപടി സ്വീകരിക്കണമെന്നും കോടതി മുമ്ബ് നിർദേശിച്ചിരുന്നു. ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയിലും രൂക്ഷവിമർശനമാണ് ഹൈക്കോടതി നടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നു ഹൈക്കോടതി പറഞ്ഞു. അനുവദിച്ചിട്ടുള്ളതിലും അധികം വലിപ്പത്തിലുള്ള ടയറുകള്‍, നമ്ബർ പ്ലേറ്റ് നല്‍കിയിട്ടില്ല, അനധികൃതമായി വരുത്തിയ രൂപമാറ്റം എന്നിവയാണ് നിയമലംഘനങ്ങള്‍. ഇതിനൊപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി വാഹനമോടിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഇതേതുടർന്നാണ് കോടതി നടപടി ആവശ്യപ്പെട്ടത്. കോഴിക്കോട് വടകരയില്‍ സീബ്ര ലൈനില്‍നിന്ന വിദ്യാർഥികളെ ബസ്സിടിച്ച സംഭവത്തിലും ഹൈക്കോടതി ഇടപ്പെട്ടിരുന്നു. കാര്യേജ് വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ലേയെന്ന് കോടതി ചോദിച്ചു. മടപ്പള്ളി ഗവ. കോളേജ് വിദ്യാർഥികള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂർ-കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന അയ്യപ്പൻ ബസാണ് അപകടത്തിനിടയാക്കിയത്.