ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം… എട്ട് മരണം, ഇരുപതോളം പേർക്ക്…

ഉത്തരാഖണ്ഡ് : ടെഹ്രി ഗർവാൾ ജില്ലയിൽ ബസ് പാലത്തിന് താഴെയുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് യാത്രക്കാർ മരിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു.

ഗുലാർ ബസാറിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടവിവരം ലഭിച്ചതിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ബ്യാസി, ധാൽവാല എന്നിവിടങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റ ഇരുപതോളം പേരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി.

എട്ടുപേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ടെഹ്രി ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ടേൽവാളും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ശ്വേത ചൗബെയും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണവും പരിക്കേറ്റവരുടെ ആരോഗ്യനിലയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!