കൊച്ചി:എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കോമേഷ്യൽ ബാങ്കിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിൽ കോടതി ഉത്തരവുപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്‍റെ ഭാഗമായി ഈ പണമിടപാടും പരിശോധിക്കണമെന്നാണ് ആവശ്യം. വീണാ വിജയനും മുൻ ബന്ധു എം സുനീഷുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്ന് വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
മാസപ്പടി കേസിൽ ഷോൺ ജോർജ്ജ് നൽകിയ ഹർജിയുടെ ഭാഗമായാണ് ഉപ ഹർജി. എസ്.എൻ.സി ലാവ്ലിൻ, പിഡബ്ല്യുസി എന്നീ വിവാദ കമ്പനികളിൽ നിന്നും കോടിക്കണക്കിനു രൂപ യു എ ഇ യിലെ അക്കൗണ്ടിൽ എത്തിയെന്നാണ് ഷോൺ ജോർജിന്‍റെ ആരോപണം. എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി സി നൽകിയ ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്. കെ.എസ്.ഐ.ഡി സി നോമിനിക്ക് സി.എം.ആർ.എൽ കമ്പനിയിൽ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിരഹിതമെന്നാണ് ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു.സി.എം.ആർ.എല്ലിന്‍റെ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ജാഗ്രത പുലർത്തിയില്ലെന്ന് കോർപ്പറേറ്റ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ കോടതി നേരത്തെ സമയം അനുവദിച്ചിരുന്നു. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായാണ് ജസ്റ്റിസ് നവീൻ ചൌള അധ്യക്ഷനായ ബെഞ്ച് കേസ് ഇന്നത്തേക്ക് മാറ്റിയത്.
മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ പറയുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.