ചേർത്തല : എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം. 3(ഡി) കാറ്റഗറി വിഭാഗത്തിലെ 270 സീറ്റുകളിലും വെള്ളാപ്പള്ളി പാനൽ വിജയിച്ചു. .
ചേർത്തല എസ്.എൻ കോളജിൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 2,706 വോട്ടർമാരിൽ 1,415 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഔദ്യോഗിക പാനലിനെതിരെ ആറുപേർ മത്സരിച്ചെങ്കിലും ഒരാൾക്കുപോലും വിജയിക്കാനായില്ല.
വെള്ളാപ്പള്ളി പാനലിലെ സ്ഥാനാർഥികൾക്ക് 1,345 വോട്ടുകൾ വീതം ലഭിച്ചപ്പോൾ എതിർസ്ഥാനാർഥികൾക്ക് ആകെ ലഭിച്ചത് 47 വോട്ടുകൾ മാത്രമാണ്. 50 വോട്ടുകൾ അസാധുവായി. എതിർസ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുകയും നഷ്ടമായി.
നേരത്തേ 3(ഇ) കാറ്റഗറി വിഭാഗത്തിൽ പത്ത് റീജിയണുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 757 സീറ്റുകളും വെള്ളാപ്പള്ളി പാനൽ സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം, പുനലൂർ, പാലക്കാട് റീജിയണുകളിൽ ഔദ്യോഗിക പാനലിലെ സ്ഥാനാർഥികൾ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഡിസംബർ 17ന് വിദഗ്ധ അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഡിസംബർ 19ന് ട്രസ്റ്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടരുന്ന വെള്ളാപ്പള്ളി നടേശൻ ഈ വിജയത്തോടെ ട്രസ്റ്റിലെ ആധിപത്യം കൂടുതൽ ഉറപ്പിച്ചു.
