സൗരോർജ ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ; വൈദ്യുതി ചട്ടങ്ങളിൽ ഭേദഗതിക്ക് കേന്ദ്രം

ന്യൂഡൽഹി : വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.

സൗരോർജത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്നതിന് ബാറ്ററി സംവിധാനം ഏർപ്പെടുത്താനും അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നതിന് ചില വിഭാഗം ഉപഭോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കാനും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരം നൽകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ കരട് നിർദേശം.

പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. സൗരോർജ ഉത്പാദനം വർധിച്ചതോടെ വൈദ്യുതി വിതരണ ശൃംഖലയിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പുതിയ നീക്കം. പകൽ സമയത്ത് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനും നിർദേശമുണ്ട്.

രാജ്യത്ത് പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ ഭാഗമായി 65 ലക്ഷത്തിലധികം വീടുകളിൽ ഇതിനകം സൗരോർജ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ബാറ്ററി സംവിധാനം നിർബന്ധമാക്കുന്ന സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടായേക്കും.

കേരളത്തിലെ ഗാർഹിക സൗരോർജ ഉപഭോക്താക്കളെയും പുതിയ നിർദേശങ്ങൾ ബാധിച്ചേക്കും. അതേസമയം, കരട് നിർദേശങ്ങൾ അന്തിമ ചട്ടങ്ങളായി പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!