രാഹുൽ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

രാഹുൽ ഗാന്ധിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

രാഹുൽ ഗാന്ധിയെ കേസിൽ കക്ഷി ചേർത്ത് പുതുതായി വാദം കേൾക്കണമെന്നും ഇതിനായി പുതിയ ബെഞ്ച് രൂപീകരിക്കണമെന്നും ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകി.

കർണാടകയിലെ ബിജെപി പ്രവർത്തകൻ എസ്. വിഘ്നേഷ് ശിശിർ സമർപ്പിച്ച ഹർജിയിലാണ് രാഹുൽ ഗാന്ധിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച് ആരോപണമുന്നയിച്ചത്. പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ മേയിലാണ് ഹൈക്കോടതി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയത്.

ഹൈക്കോടതി നടപടി നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് രാഹുലിനുവേണ്ടി ഹാജരായത്.

അതേസമയം, സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി തള്ളിയിട്ടില്ല. ഹർജിയുടെ നിയമപരമായ നിലനിൽപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഹൈക്കോടതിക്ക് വീണ്ടും പരിശോധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!