ഇന്ത്യക്ക് മേല്‍ വീണ്ടും തീരുവയുമായി ട്രംപ്; അധിക തീരുവ 25 ശതമാനം, 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ നിരക്ക്…

വാഷിങ്ടണ്‍ : ഇന്ത്യ അടക്കം 14 രാജ്യങ്ങള്‍ക്ക് പുതുക്കിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്ക. പുതുക്കിയ തീരുവ പ്രകാരം ചൈനയ്ക്കാണ് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെയും ചൈനയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെയും അധിക തീരുവ ഏര്‍പ്പെടുത്താനാണ് യുഎസ് തീരുമാനം.

ഇന്ത്യ-അമേരിക്ക വ്യാപാരക്കാരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായാല്‍ തീരുവ 17% ആയി കുറയ്ക്കാമെന്നാണ് പ്രഖ്യാപനം.

അമേരിക്കന്‍ വ്യാപാര താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാകുന്ന രീതിയില്‍ ഇന്ത്യയുടെ വ്യവസായ നയങ്ങളും ഉല്‍പാദന രീതികളും പ്രവര്‍ത്തിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ഇന്ത്യയെയും ചൈനയെയും കൂടാതെ ബ്രസീല്‍, ബംഗ്ലാദേശ്, ജപ്പാന്‍, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്‌വാന്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ക്കും ഇറക്കുമതി തീരുവ പുതുക്കിയിട്ടുണ്ട്.

16 വ്യാപാര രാജ്യങ്ങളെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് (യുഎസ്ടിആര്‍) നടത്തിയ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ പ്രഖ്യാപനം. മെക്‌സിക്കോയുടെയും നോര്‍വേയുടെയും തീരുവ കാര്യം തീരുമാനമായിട്ടില്ല.

വ്യാപാര പങ്കാളികള്‍ ആഗോള വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് വിപണിയെ ഭാരപ്പെടുത്തുകയോ, നിയന്ത്രിക്കുകയോ ചെയ്യുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!