ഹൈദരാബാദ് : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 119 മണ്ഡലങ്ങളിൽ 90 സീറ്റുകളും സ്വന്തമാക്കി തെലങ്കാനയിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹൈദരാബാദിൽ ചേർന്ന സംസ്ഥാന കോൺഗ്രസ് പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റി (പിഎസി) യോഗത്തിൽ സംസാരിക്കവെയാണ് ഒരു കോടി വോട്ടുകൾ നേടി പാർട്ടി ചരിത്രവിജയം ആവർത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.
2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിലെ മണ്ഡലങ്ങളുടെ എണ്ണം 17 ആയി തുടരുകയാണെങ്കിൽ അതിൽ 15 സീറ്റുകൾ കോൺഗ്രസിന് ഉറപ്പാക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഈ തീരുമാനം മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരെ അറിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
1984ൽ അന്തരിക്കുമ്പോൾ ഇന്ദിരാ ഗാന്ധി തെലങ്കാനയിലെ മേഡക്കിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നുവെന്ന് അനുസ്മരിച്ച അദ്ദേഹം, രാഹുൽ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാകണമെന്നും പറഞ്ഞു.
