തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന് നടക്കും.
ദേവിക്ക് പൊങ്കാല അർപ്പിച്ച് അനുഗ്രഹം തേടാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലുമായി പൊങ്കാല അടുപ്പുകൾ നിരന്നുകഴിഞ്ഞു.
രാവിലെ ഒൻപതിന് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ശ്രീകോവിലിൽനിന്ന് കൊടിവിളക്കിലേക്ക് ദീപം പകരുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ഭക്തർ പൊങ്കാല അടുപ്പുകളിൽ തീ പകർന്ന് ദേവിക്ക് നിവേദ്യം ഒരുക്കും. ഭക്തരുടെ പ്രാർത്ഥനകളാൽ ചക്കുളത്തുകാവും പരിസര പ്രദേശങ്ങളും ഇന്ന് ഭക്തിനിർഭരമാകും.
പൊങ്കാല പ്രമാണിച്ച് തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
