ഫലപ്രഖ്യാപനം വന്ന് ആറ് മാസത്തിനുള്ളില്‍ രാജ്യം ഒരു രാഷ്‌ട്രീയ ഭൂചലനത്തിന് സാക്ഷ്യം വഹിക്കും;  പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കാക്ദീപ് (ബംഗാൾ ): ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആറ് മാസത്തിനുള്ളില്‍ വലിയ രാഷ്‌ട്രീയ ഭൂചലനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 20ലധികം കക്ഷികള്‍ ഭാഗമായ ഇൻഡി സഖ്യത്തെ പരിഹസിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. ജനങ്ങളുടെ ഓരോ വോട്ടും രാജ്യത്തിന്റെ ദിശ മാറ്റാൻ സഹായിക്കുമെന്നും, ഫലപ്രഖ്യാപനത്തോടെ കുടുംബാധിപത്യം പുലർത്തുന്ന പാർട്ടികള്‍ ശിഥിലമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ കാക്ദീപില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യാതൊരു ലക്ഷ്യബോധവുമില്ലാതെ നടക്കുന്ന നേതാക്കളെ കുറിച്ച്‌ പ്രവർത്തകരുടെ ഇടയിലും നിരാശ വന്നിരിക്കുകയാണ്. കുടുംബ പാർട്ടികള്‍ ഇല്ലാതാകുന്നതോടെ വലിയ രാഷ്‌ട്രീയ കൊടുങ്കാറ്റ് രാജ്യം വൈകാതെ കാണും. ആറ് മാസത്തിനുള്ളില്‍ വികസനത്തിന്റെ കുതിപ്പാണ് പുതിയ സർക്കാരിലൂടെ ഉണ്ടാകാൻ പോകുന്നത്. അതേപോലെ ആറ് മാസത്തിനുള്ളില്‍ തന്നെ ഒരു രാഷ്‌ട്രീയ ഭൂചലനവും ഉണ്ടാകും. കുടുംബപാർട്ടികളുടെ പ്രവർത്തകരുടെ ഇടയില്‍ നിരാശ അതിന്റെ മൂർധന്യാവസ്ഥയിലാണ്. ഈ നേതാക്കളെ ആളുകള്‍ ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്.

നിങ്ങളുടെ ഓരോ വോട്ടും വികസനത്തിന് വേണ്ടിയുള്ളതാകണം. ബംഗാളില്‍ ഇപ്പോള്‍ ദുർഭരണമാണ് നടന്നു കൊണ്ടിരിക്കുന്നത്. യുവാക്കളുടെ അവസരങ്ങള്‍ നുഴഞ്ഞുകയറ്റക്കാർ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്. സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചവർ നുഴഞ്ഞുകയറ്റക്കാരെ ഇവിടെ താമസിപ്പിക്കാൻ നടക്കുകയാണ്. പ്രീണനത്തിന് വേണ്ടി നമ്മുടെ ഭരണഘടനയെ പോലും ഇക്കൂട്ടർ വെറുതെ വിടുന്നില്ല. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കാണ് ഭരണഘടനയിലൂടെ സംവരണം ഉറപ്പാക്കുന്നത്.

എന്നാല്‍ ഒറ്റരാത്രി കൊണ്ട് മുഴുവൻ മുസ്ലീം സമുദായത്തിനും ഒബിസി പദവി നല്‍കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടത്. കൊല്‍ക്കത്ത ഹൈക്കോടതി ഈ സർട്ടിഫിക്കറ്റുകള്‍ റദ്ദാക്കി. എന്നിട്ടും പ്രീണനത്തിന്റെ ഭാഗമായി അവർ മുസ്ലീങ്ങളോട് കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണെന്നും” പ്രധാനമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!